വൻകരകളിലേക്ക് പടർന്നുകയറുന്ന കൊറോണ വൈറസ് കായിക രംഗത്തിനുണ്ടാക്കുന്ന നഷ്ടം വർദ്ധിക്കുകയാണ്. ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പുകൾക്കും ഒളിമ്പിക് യോഗ്യതാ ടൂർണമെന്റുകൾക്കുമൊപ്പം യൂറോപ്യൻ ഫുട്ബാളിനെവരെ വൈറസ് ബാധിച്ചുതുടങ്ങി. കൊറോണയിൽ കുരുങ്ങിയ സ്പോർട്സ് ഷെഡ്യൂളുകളുടെ അവസാന ചിത്രം ഇങ്ങനെയാണ്.

. വൈറസ് വ്യാപനം മൂലം അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങൾ മാറ്റിവയ്ക്കേണ്ടി വന്നേക്കാമെന്ന ഫിഫ പ്രസിഡന്റ് ജിയോവന്നി ഇൻഫാന്റിനോ സൂചന നൽകി. ഇൗ വാരാന്ത്യത്തിൽ സ്വിറ്റ്സർലാൻഡിൽ നടക്കേണ്ടിയിരുന്ന ലീഗ് മത്സരങ്ങൾ മാറ്റിവച്ചു. 1000 പേരിലധികം പങ്കെടുക്കുന്ന പരിപാടികൾ സ്വിസ് ഗവൺമെന്റ് നിറുത്തിവച്ചിരിക്കുകയാണ്.

ഫുട്ബാളിനെക്കാൾ പ്രധാനം ആളുകളുടെ ആരോഗ്യമാണ്.

ജിയോവന്നി ഇൻഫാന്റിനോ

ഫിഫ പ്രസിഡന്റ്

ഇന്നും നാളെയുമായി നടക്കേണ്ടിയിരുന്ന ഇറ്റാലിയൻ സെരി എ ഫുട്ബാളിലെ അഞ്ച് മത്സരങ്ങൾ മാറ്റിവച്ചു. വൻ ക്ളബുകളായ യുവന്റസും ഇന്റർ മിലാനും തമ്മിലുള്ള മത്സരവും ഇതിൽപ്പെടുന്നു. നേരത്തെ അടച്ചുപൂട്ടിയ സ്റ്റേഡിയങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണിവ.

. അന്താരാഷ്ട്ര ആന്റിഡോപ്പിംഗ് ഏജൻസിയുടെ വാർഷിക സിമ്പോസിയം മാറ്റിവച്ചു.

. ഇറ്റലിയിൽ പരിശീലനത്തിലായിരുന്ന ഇന്ത്യൻ ബോക്സർമാരെ ജോർദാനിലെത്തിച്ചു. വുഹാനിൽ നിന്ന് ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾ ജോർദാനിലേക്ക് മാറ്റിയിരുന്നു.

യു.എ.ഇയിലെ ഇന്റർനാഷണൽ സൈക്ളിംഗ് ടൂർ മത്സരങ്ങൾ ഉപേക്ഷിച്ചു. കൊറോണ സംശയമുള്ള താരങ്ങളെ ഹോട്ടലിൽ ഒറ്റയ്ക്ക് പാർപ്പിച്ചിരിക്കുന്നു.