ഉള്ളൂർ: ട്രെയിനിൽ നിന്നും വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ സ്വദേശി സിയാദ് (25) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇയാളുടെ കൈയിൽ കുടുങ്ങിയ മോതിരം ഫയർ ഫോഴ്സ് ആശുപത്രിയിലെത്തി മുറിച്ച് മാറ്റുകയായിരുന്നു.
ശനിയാഴ്ച പകൽ കൊല്ലം ചന്ദനത്തോപ്പിൽ വച്ചാണ് ഇയാൾ ട്രെയിനിൽ നിന്നും വീണത്. തലയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇടതുകാലിലെ തള്ളവിരൽ ഒഴികെ മറ്റു നാലു വിരലുകളും അറ്റുപോയി. വലത്തേ കൈയിലെ വിരലിൽ അണിഞ്ഞിരുന്ന മോതിരം വിരലിനൊപ്പം ഞെരിഞ്ഞമർന്നതിനാൽ ആശുപത്രി അധികൃതർ ഫയർ ഫോഴ്സിന്റെ സേവനം തേടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സേനാംഗങ്ങൾ ആശുപത്രിയിലെത്തി മോതിരം മുറിച്ചു മാറ്റുകയായിരുന്നു. 18-ാം വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന സിയാദ് അബോധാവസ്ഥയിലാണ്. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.