1

കുളത്തൂർ: തുമ്പയിൽ യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ മുംബയിൽ പിടിയിലായി. പള്ളിത്തുറ സ്വദേശികളായ ബിനോയ് ആൽബർട്ട് (21), പരുന്ത് സാജൻ (27) എന്നിവരാണ് മുംബൈ വിമാനത്താവളത്തിൽ പിടിയിലായത്. കഴിഞ്ഞ 13 ന് രാത്രിയാണ് പ്രതികൾ നെഹ്റു ജംഗ്ഷനിലുള്ള സുരേഷ് കുമാറിന്റെ വീട്ടിലെത്തി അക്രമം നടത്തിയത്. ആക്രമണത്തിൽ തലക്കും ചെവിക്കും ആഴത്തിൽ മുറിവേറ്റ സുരേഷിന്റെ നിലവിളി കേട്ടെത്തിയ ഭാര്യയേയും സംഘം ആക്രമിച്ചു. തുടർന്ന് ഒളിവിൽ പോയ പ്രതികൾ കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാനായി മുംബൈയിലെത്തിയപ്പോൾ എമിഗ്രേഷനിൽ തടഞ്ഞു വച്ച് തുമ്പ പൊലീസിനു കൈമാറുകയായിരുന്നു. ഒന്നാം പ്രതിയായ ബിനോയ് ആൽബർട്ട് ബുള്ളറ്റിലെത്തി സുരേഷിനെ ഇടിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. രണ്ടാം പ്രതിയായ പരുന്ത് സാജൻ നിരവധികേസുകളിൽ പ്രതിയാണ്. തുമ്പ എസ്.എച്ച്.ഒ ചന്ദ്രകുമാർ, എസ്.ഐമാരായ ഷാജി, ബാബു, കുമാരൻ നായർ, ബിജു സീനിയർ സിവിൽ പൊലീസുകാരായ പ്രസാദ്, ഷാജിമോൻ, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

ഫോട്ടോ ബിനോയ് ആൽബർട്ട് , സാജൻ ( താടി )