sister-lucy

മാനന്തവാടി: പരാതികളിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചെങ്കിലും നിതി തേടിയുള്ള പോരാട്ടം തുടരുമെന്ന് സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി.രണ്ടു പരാതിയിലും കൃത്യമായി തെളിവുകൾ നൽകിയതാണ്. അന്വേഷണം അവസാനിപ്പിച്ചത് അനീതിയാണ്. നീതി ലഭിക്കാൻ കോടതിയെ സമീപിക്കുമെന്നും സിസ്റ്റർ ലൂസി പറഞ്ഞു.
പരാതികളിൽ വസ്തുതയില്ലെന്നും തെളിവുകളില്ലെന്നും കാണിച്ച് അന്വേഷണം അവസാനിപ്പിക്കുന്നതായി വെള്ളമുണ്ട പൊലീസ് രേഖാമൂലം അറിയിച്ചതിനു പിറകെ പ്രതികരിക്കുകയായിരുന്നു സിസ്റ്റർ ലൂസി.
മാനന്തവാടി രൂപത വക്താവായ വൈദികൻ നവമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നും കാരയ്ക്കാമലയിലെ മഠത്തിലേക്ക് പ്രകടനമായി എത്തിയ ചിലർ തന്നെ ഭീഷണിപ്പെടുത്തിയെന്നുമുളള രണ്ടു പരാതികളായിരുന്നു സിസ്റ്ററുടേത്. എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് മാസങ്ങൾ അന്വേഷിച്ചിട്ടും തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് വിശദീകരണം. പരാതികൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പറയുന്നുണ്ട് പൊലീസ്.
അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ സിസ്റ്റർ ലൂസിയ്ക്ക് വേണമെങ്കിൽ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസിന്റെ പ്രതികരണം. പക്ഷപാതമില്ലാതെ പെരുമാറേണ്ട പൊലീസ് മഠം അധികൃതർക്കൊപ്പം നിൽക്കുകയാണെന്ന സംശയമുണ്ടെന്ന് സിസ്റ്റർ ലൂസി നേരത്തെ പറഞ്ഞിരുന്നു.