മാനന്തവാടി: മാനന്തവാടി കല്ലോടി പുതുശ്ശേരി റൂട്ടിൽ ഇടക്കാലത്ത് നിറുത്തിയ മുഴുവൻ ട്രാൻസ്പോർട്ട് സർവിസുകളും പുനരാരംഭിക്കണമെന്ന് എടവക പഞ്ചായത്ത് മുൻ മെമ്പർ എ.എം. കുഞ്ഞിരാമൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ ഈ റൂട്ടിൽ തൊട്ടിൽപാലം, കുറ്റ്യാടി, വടകര, നാദാപുരം ഭാഗങ്ങളിലേക്ക് ദീർഘദൂര സർവിസുകളുണ്ടായിരുന്നു. പലപ്പോഴായി ഇവയെല്ലാം കെ എസ് ആർ ടി സി നിറുത്തുകയാണുണ്ടായത്. റോഡുകൾ മോശമാണെന്ന പേരിൽ നിറുത്തിയ സർവിസൊന്നും അറ്റകുറ്റപ്പണി പൂർത്തിയാക്കിയിട്ടും പുനരാരംഭിച്ചില്ല. നിലവിൽ കല്ലോടി, മൂളിത്തോട്, പുതുശ്ശേരി, തേറ്റമല ഭാഗങ്ങളിലുള്ള മുഴുവൻ യാത്രക്കാരും കെ.എസ്.ആർ.ടി.സി യെ മാത്രമാണ് ആശ്രയിക്കുന്നത്. എന്നാൽ അതിനനുസരിച്ച് സർവിസില്ല. മാനന്തവാടി കൊളത്താട പുതുശ്ശേരി കല്ലോടി റൂട്ടിൽ സർക്കുലർ സർവിസ് ആരംഭിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വാർത്താസമ്മേളനത്തിൽ കെ.പി.ജെയിംസ്, അബ്ദുള്ള എടക്കാടൻ, അബ്ദുൽ കരീം എന്നിവരും പങ്കെടുത്തു.