സുൽത്താൻ ബത്തേരി: വിലയിടിവിൽ ആകെ വലഞ്ഞ് വാഴക്കൃഷിക്കാർ. ജില്ലയിൽ നേന്ത്രക്കായയുടെ വില വിചാരിക്കാത്ത തരത്തിൽ ഇടിഞ്ഞതോടെ വൻനഷ്ടം നേരിടുകയാണ് കർഷകരൊക്കെയും. ഇനിയും നിരക്ക് കുറഞ്ഞേക്കാമെന്ന പ്രതീക്ഷയിൽ പച്ചക്കായ എടുക്കാൻ പലയിടത്തും കച്ചവടക്കാർ തയ്യാറാകുന്നുമില്ല.
പച്ചക്കായ കിലോവിന് 12 രൂപയും പഴത്തിന് 25 രൂപയുമാണ് ഇപ്പോൾ വില. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രണ്ട് മാസം മുമ്പ് വരെ പഴത്തിന് 45 രൂപയും പച്ചക്കായയ്ക്ക് 30 രൂപയുമായിരുന്നു വില . കേരളത്തിൽ നേന്ത്രക്കായയ്ക്ക് ആവശ്യക്കാർ കുറഞ്ഞതും കർണാടകയിലെ ഉത്പാദനത്തിലുണ്ടായ വർദ്ധനവുമാണ് ഇവിടെ വിലയിടിയാൻ കാരണമായത്.
ജൈവ ഉത്പന്നങ്ങൾക്കാണ് ഇപ്പോൾ ഡിമാൻഡ് കൂടുതലും. അമിതമായി വളവും കീടനാശിനിയും ഉപയോഗിച്ചുള്ള ഇനങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞത് ഒരു പരിധി വരെ ഡിമാൻഡ് കുറയാൻ ഇടയാക്കിയിട്ടുണ്ട്.
കർണാടകയിൽ ഇഞ്ചികൃഷി ചെയ്തുവന്ന കർഷകരിൽ നല്ലൊരു പങ്കും വാഴകൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇഞ്ചികൃഷിയുടെ മൂന്നിലൊന്ന് ചെലവ് മതി വാഴകൃഷിയ്ക്ക്. കർണാടകയിലും തമിഴ്‌നാട്ടിലും ഇത്തവണ വമ്പൻ വിളവാണ്.
പഴം, ചിപ്‌സ് എന്നിവയ്ക്കും ആവശ്യക്കാർ കുറഞ്ഞിട്ടുണ്ട്. സാമ്പത്തികമാന്ദ്യവും ഡിമാൻഡ് കുറഞ്ഞതിന് കാരണമായി. നിത്യവും ഒന്നിലധികം ലോഡ് വാഴക്കുല കയറ്റിപ്പോയിരുന്ന സ്ഥലങ്ങളിൽ നിന്ന് ഇപ്പോൾ രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് ഒരു ലോഡ് കയറ്റാനാവുന്നത്. കഴിഞ്ഞ പ്രളയകാലത്തെ നഷ്ടം നികത്തുന്നതിന് ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയവരാണ് ഇപ്പോൾ വിലയില്ലാതായതോടെ കഷ്ടത്തിലായത്.
ഹോർട്ടികോർപ്പ്
പച്ചക്കായ സംഭരിക്കും
വിലത്തകർച്ചയിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിനായി ഹോർട്ടികോർപ്പ് പച്ചക്കായ സംഭരിക്കും. കിലോയ്ക്ക് 25 രൂപ നിരക്കിലാണ് സംഭരണം. ബത്തേരി അമ്മായിപ്പാലത്തെ കാർഷിക മൊത്ത വിപണന കേന്ദ്രത്തിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് സംഭരണം നടക്കുക.
ആദ്യഘട്ടത്തിൽ ഒരു കർഷകനിൽ നിന്ന് 50 കുലകൾ വീതമാണ് സംഭരിക്കുന്നത്. ബാക്കിയുള്ള കുലകൾ രണ്ടാംഘട്ടത്തിൽ സംഭരിക്കും. വില രണ്ട് മാസത്തിനകം ബാങ്ക് അക്കൗണ്ടിലൂടെ കർഷകർക്ക് ലഭ്യമാക്കും. ഹോർട്ടികോർപ്പിന് കുല നൽകുന്ന കർഷകർ അതാത് കൃഷി ഓഫീസറുടെ സാക്ഷ്യപത്രവും ആധാർ കാർഡ്, ദേശസാൽകൃത ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം.