fish
മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം സി കെ ശശീന്ദ്രൻ എം എൽ എ നിർവഹിച്ചപ്പോൾ

വൈത്തിരി: ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച കേരള റിസർവോയർ ഫിഷറീസ് ഡവലപ്പ്‌മെന്റ് പ്രേജക്ടിന്റെ ഭാഗമായി കാരാപ്പുഴ, ബാണാസുര ഉൾനാടൻ ഫിഷറീസ് പട്ടികജാതി, പട്ടികവർഗ സഹകരണ സംഘങ്ങൾക്ക് മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങൾ വിതരണം ചെയ്തു. ബാണാസുര സംഘത്തിനുള്ള വിതരണം തളിപ്പുഴയിൽ സി.കെ. ശശീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. കാരാപ്പുഴ സംഘത്തിനുള്ള വിതരണേദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി നെല്ലാറച്ചാലിൽ നിർവഹിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത വിജയൻ അദ്ധ്യക്ഷയായിരുന്നു. അസി. ഡയരക്ടർ എം ചിത്ര സ്വാഗതവും അസി. എക്സ്റ്റൻഷൻ ഓഫീസർ സി ആഷിഖ്ബാബു നന്ദിയും പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി കാരാപ്പുഴ റിസർവോയറിൽ 12.08 ലക്ഷവും ബാണാസുര റിസർവോയറിൽ 12.77 ലക്ഷവും കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ ഈ വർഷം നിക്ഷേപിച്ചിരുന്നു. ജലസംഭരണികളുടെ ഉത്പാദനക്ഷമത കൂട്ടാനും ആദിവാസി വിഭാഗത്തിൽപ്പെട്ട സഹകരണ സംഘം വഴി നിരവധി പേർക്ക് ജീവനോപാധി കണ്ടെത്താനും ഈ പദ്ധതി സഹായകമാവും. ജനങ്ങൾക്ക് മായമില്ലാത്ത മാംസ്യാഹാര സ്രോതസ് ഉറപ്പ് വരുത്താനും സാധിക്കും. അഞ്ചു വീതം കൊട്ടത്തോണികൾ, ഗിൽനെറ്റ്, ഇലക്ട്രോണിക് ബില്ലിംഗ് മെഷീൻ, വെയിംഗ് മെഷീൻ എന്നിവയാണ് വിതരണം ചെയ്തത്. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഫിഷറീസ് വകുപ്പിന്റെ സംഘങ്ങൾക്കുള്ള മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങളുടെയും വിതരണം.

വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു സി ഗോപി, സി വി മണികണ്ഠൻ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് അംഗം രാമനാഥ്, ഹെഡ് ക്ലാർക്ക് ടി ബിന്ദു, ഫിഷറീസ് ഡവലപ്പ്‌മെന്റ് ഓഫീസർ കെ നിഖില, സി രാജു, സന്ദീപ് കെ രാജു, ജയകുമാർ, രാജമ്മ, ദിലീപ്, വക്കച്ചൻ, കെ ഡി പ്രിയ, അനു വി മത്തായി, ഷമീം പാറക്കണ്ടി, പി വിജയകുമാർ, പി എ സണ്ണി, ആന്റണി, രാജി ഹരീന്ദ്രനാഥ്, വി എം സ്വപ്ന, പി കെ മനോജ്, സിനി രാമചന്ദ്രൻ, മോളി പൗലോസ്, ജ്യോസ്‌ന, വി എ അഗസ്റ്റിൻ, പി എസ് ധന്യ, സിജി ജോർജ്ജ് തുടങ്ങിയവർ സംബന്ധിച്ചു.