കൽപ്പറ്റ: അടിക്കടിയുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തിൽ മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസുകളിൽ പരിശോധന നടത്തി. വരും ദിവസങ്ങളിലും ബസുകളിൽ പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ഡോർ അടക്കാതെ സർവീസ് നടത്തുന്ന ബസുകളായിരുന്നു ഇന്നലെ പ്രധാനമായും പരിശോധന നടത്തിയത്. കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റിൽ ഇത്തരത്തിൽ പരിശോധന നടത്തുന്നതിനിടെ ബസ് ജീവനക്കാരെന്ന വ്യാജേന ചിലർ ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധവുമായെത്തി. കെ.എസ്.ആർ.ടി.സി ബസുകളിലും ഇത്തരത്തിൽ പരിശോധന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.
എന്നാൽ കഴിഞ്ഞ 31ന് തന്നെ ഡോർ കൃത്യമായി അടച്ചതിന് ശേഷം മാത്രം സർവീസ് നടത്തണമെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വാഹന വകുപ്പ് ബസുടമകൾക്ക് നിർദേശം നൽകിയിരുന്നു. അപകടങ്ങൾക്ക് കടിഞ്ഞാണിടുകയെന്ന് ലക്ഷ്യം വെച്ചായിരുന്നു ഇത്. എന്നാൽ ഇക്കഴിഞ്ഞ ദിവസവും ജില്ലയിൽ സ്വകാര്യ ബസിടിച്ച് ഒരു മരണം സംഭവിച്ചു. ഇതോടെയാണ് പരിശോധന കർശനമാക്കാൻ വകുപ്പ് തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി പരിശോധന നടത്തുന്നതിനിടയിലാണ് ജീവനക്കാരെന്ന വ്യാജേന ചിലർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ജെയിംസ് പറഞ്ഞു.