കൽപ്പറ്റ: കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്നു റോഡിലേക്ക് തെറിച്ചു വീണ് യാത്രക്കാരിയുടെ
തലയ്ക്ക് സാരമായി പരിക്കേറ്റു.വൈത്തിരി തളിമല സ്വദേശിനി ശ്രീവള്ളിക്കാണ് (55) പരിക്കേറ്റത് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
. മൈസുരൂവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സ് വൈത്തിരി സ്റ്റാൻഡിൽ നിന്ന് ആളുകളെ കയറ്റി റോഡിലേക്ക് ഇറങ്ങി തിരിയുന്നതിനിടെ ഇന്നലെ രാവിലെ 11.10 നായിരുന്നു അപകടം.കോഴിക്കോട് ഭാഗത്തേക്ക് പോകാൻ ബസ്സിൽ കയറിയ ശ്രീവള്ളി. തിരക്കിട്ട് ബസ് മുന്നോട്ടെടുത്തതോടെ പിടിവിട്ട് മുന്നോട്ടാഞ്ഞു. . ബസ്സ് ഹൈവേയിൽ കോഴിക്കോട് ഭാഗത്തേക്ക് തിരഞ്ഞതും ഇവർ ഫ്രണ്ട് ഡോറിലൂടെ പുറത്തേക്ക് തലയടിച്ച് വീഴുകയായിരുന്നു. സ്റ്റാൻഡിൽ നിന്ന് തൊട്ടുപിറകെയെത്തിയ സ്വകാര്യ ബസ്സ് പെട്ടെന്ന് നിറുത്തിയതിനാൽ ചക്രങ്ങൾക്കടിയിൽപ്പെടാതെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷാ തൊഴിലാളികൾ ഓടിയെത്തി ശ്രീവള്ളിയെ വൈത്തിരി ഗവ. ആശുപത്രിയിലെത്തിച്ചു. തലയ്ക്കും ഇടത്തേ തോളെല്ലിനും സാരമായ പരിക്കുള്ളതിനാൽ ഉച്ചയോടെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയുടെ പിൻവശത്തെ വലിയ മുറിവിൽ പത്ത് തുന്നലുണ്ട്. ബസ്സിന്റെ ഓട്ടോമാറ്റിക് ഡോർ പ്രവർത്തനരഹിതമാണെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
കുറ്റക്കാർക്കെതിരെ നടപടി:
മന്ത്രി എ.കെ.ശശീന്ദ്രൻ
അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വൈത്തിരി പൊലീസിന്റെ കസ്റ്റഡിയിലാണ് ബസ്സ്. യാത്രക്കാരിയുടെ മൊഴി രേഖപെടുത്തിയ ശേഷം ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരിൽ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു..