കൽപ്പറ്റ: ഹാരിസൺ ഉൾപ്പെടെയുള്ള തോട്ടം കുത്തകകൾ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷൽ ഓഫീസർ പദവിയിൽ നിന്ന് എം.ജി.രാജമാണിക്യത്തെ പെട്ടെന്ന് മാറ്റിയത് ഭൂമാഫിയകൾക്കും വേണ്ടിയാണെന്ന് വയനാട് ഭൂസമര സമിതി കുറ്റപ്പെടുത്തി. ചരിത്രത്തിൽ സമാനതകളില്ലാത്ത വഞ്ചനയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.
കേരളത്തിൽ ഹാരിസൺ, ടാറ്റ തുടങ്ങിയ കമ്പനികളുടെ കൈവശം 5.25 ലക്ഷം ഏക്കർ ഭൂമി നിയമവിരുദ്ധമായുണ്ടെന്ന് അഞ്ചു കമ്മിഷനുകളുടെ പഠനങ്ങളിൽ വ്യക്തമായതാണ്. രാജ്യത്തോടും ജനങ്ങളോടും കൂറു പുലർത്തിയ നിവേദിത പി ഹരൻ മുതൽ എം.ജി രാജമാണിക്യം വരെയുള്ള ഉദ്യോഗസ്ഥർ നീതിക്ക് വേണ്ടി നിലകൊണ്ടപ്പോൾ നാടുവാഴിത്ത വിരുദ്ധ സമര ചരിത്രങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്നവർ തോട്ടം കുത്തകകൾക്ക് പാദസേവ ചെയ്യുകയാണെന്ന് ഭൂസമര സമിതി ആരോപിച്ചു.
നിയമവിരുദ്ധമായി തട്ടിയെടുത്ത ഭൂമിയും വില്പന നടത്തിയ ഭൂമിയും കണ്ടെത്തി അത് സർക്കാരിൽ നിക്ഷിപ്തമാക്കാനായി 2013 ൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സർക്കാർ രാജമാണിക്യത്തെ സ്‌പെഷൽ ഓഫീസറായി ജൂഡിഷ്യൽ അധികാരങ്ങളോടെ നിയമിച്ചത്. എന്നാൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചപ്പോൾ അത് അട്ടിമറിക്കുന്നതിനാണ് ഇപ്പോൾ രാജമാണിക്യത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് ഭൂസമര സമിതി കുറ്റപ്പെടുത്തി.