മാനന്തവാടി: തകർച്ച നേരിടുന്ന റീട്ടെയിൽ വ്യാപാര മേഖലയെ പിടിച്ചുർത്തുവാൻ ഉതകുന്ന ഒരു പ്രഖ്യാപനവും ബഡ്ജറ്റിൽ ഇല്ലാത്തത് നിരാശാജനകമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ഉസ്മാൻ കുറ്റപ്പെടുത്തി. പ്രളയങ്ങളിൽ നാശനഷ്ടങ്ങൾ നേരിട്ട വയനാട്ടിലെ വ്യാപാര സമൂഹത്തിന്റെ കടങ്ങളുടെ പലിശ പോലും ഒഴിവാക്കാൻ ധനമന്ത്രി തയ്യാറായില്ല. നഷ്ടങ്ങൾ അതിജീവിക്കാൻ വ്യാപാരികൾക്ക് ദീർഘകാല വായ്പാ സംവിധാനവും പ്രഖ്യാപിച്ചിട്ടില്ല
1000 ശതമാനത്തിലധികം വരെ അസസ്‌മെന്റ് തുകയ്ക്കുള്ള നോട്ടീസുകൾ കൈപ്പറ്റിയ വ്യാപാരികൾക്ക് 50% ശതമാനം ആംനെസ്റ്റി പ്രഖ്യാപിച്ചത് ഈ മേഖലയിലെ പ്രശ്‌നപരിഹാരത്തിന് പര്യാപ്തമല്ല.
വാറ്റ് കുടിശ്ശിക പിരിച്ചെടുക്കുവാൻ 75% ശതമാനം ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്ന പ്രഖ്യാപനം റീട്ടെയിൽ വ്യാപാര മേഖലയിൽ അനിശ്ചിതത്വവും പ്രതിസന്ധിയും ഭീകരാന്തരീക്ഷവും സൃഷ്ടിക്കും.
വ്യാപാരി ക്ഷേമനിധിയിലേക്ക് 20 കോടി രൂപ അനുവദിച്ചത് സ്വാഗതം ചെയ്യുന്നു. ക്ഷേമനിധി പെൻഷനും ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കെപ്പട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.