കൽപ്പറ്റ: പ്രളയങ്ങളിൽ തകർന്ന വയനാടിന് പുതുജീവൻ നല്കുന്നതാണ് ബഡ്ജറ്റിലെ വയനാട് പാക്കേജെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു
വയനാട് കാപ്പി ബ്രാൻഡ് ചെയ്യുന്നതിനും കാപ്പിയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ഡ്രിപ് ഇറിഗേഷൻ നടപ്പിലാക്കുന്നതിനും 173 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വയനാട്ടിലെ 55000 വരുന്ന കാപ്പി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കാർബൺ ന്യൂട്രൽ ജില്ലയായി മാറുന്നതോടെ ലോക മാർക്കറ്റിൽ വയനാടിനു പ്രത്യേക ഇടം ലഭിക്കും.മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിനാവശ്യമായ തുക അനുവദിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾക്കായി വയനാടിനു അധിക തുക ലഭ്യമാക്കും. വയനാട്ടിലെ പട്ടികവർഗ വിഭാഗങ്ങളിലെ യുവതികൾക്ക് തൊഴിൽ സംരംഭം ആരംഭിക്കുന്നതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കബനി നദി സംരക്ഷണത്തിന് വേണ്ടി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ കോളേജുകളിൽ പുതിയ കോഴ്‌സുകൾ അനുവദിക്കും.
സംസ്ഥാന രൂപീകരണത്തിനു ശേഷം ഏറ്റവും മുന്തിയ പരിഗണന വയനാടിന് നൽകിയ ധനകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും വയനാടൻ ജനതയുടെ അഭിനന്ദനം അറിയിക്കുന്നതായി സി.കെ. ശശീന്ദ്രൻ പറഞ്ഞു.