വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികൾ
മാനന്തവാടി: മാനന്തവാടി പഴശ്ശി പാർക്ക് കൂടുതൽ മനോഹരമാക്കി വിനോദസഞ്ചാരികളെ ആകർഷിക്കാനായി രണ്ടാം ഘട്ട നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന പാർക്ക് 2018 ഡിസംബർ മുതലാണ് നവീകരണ പ്രവൃത്തികൾ നടത്തി വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചാണ് രണ്ടാംഘട്ട നവീകരണ പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്.
പാർക്ക് മുഴുവനായും വൈദ്യുതി വിളക്കുകൾ സ്ഥാപിക്കും ഇതൊടെ രാത്രി 9 മണി വരെ പ്രവേശന സമയം ദീർഘിപ്പിക്കും. രണ്ട് വ്യൂവിങ്ങ് ഡെക്കുകൾ, കുടിവെള്ളം, ഐസ് ക്രീം പാർലർ, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുള്ള 4 കിയോസ്ക്കുകൾ, ഇന്റർലോക്ക് പാകിയ നടപ്പാത, മനോഹരമായി രൂപകൽപ്പന ചെയ്ത ബോട്ട് ജെട്ടി, പുൽതകിടിയും ചെടികളും വെച്ച് പിടിപ്പിച്ച് പാർക്കിലെ നാലര ഏക്കർ സ്ഥലത്ത് ലാന്റ് സ്‌കേപ്പിംങ്ങ് എന്നിവയാണ് വികസന പ്രവർത്തികളിൽ ഉൾപ്പെടുന്നത്.
കുടാതെ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കേരള വാസ്തുശിൽപ്പ മാതൃകയിലുള്ള കോൺഫ്രൻസ് ഹാൾ, വാട്ടർ ഫൗണ്ടേഷൻ എന്നിവയും പാർക്കിൽ നിർമ്മിക്കും.
ഒരു വർഷത്തിനുള്ളിൽ പ്രവേശന ഫീസ് ഉൾപ്പെടെയുള്ളവയിൽ നിന്നായി 13,24,177 രൂപയാണ് വരുമാനമായി ലഭിച്ചത്. കുട്ടികൾ ഉൾപ്പെടെ അരലക്ഷത്തിലധികം പേർ ഈ കാലയളവിൽ പാർക്ക് സന്ദർശിക്കുകയും ചെയ്തു.
കഴിഞ്ഞ വേനലവധി കാലമായ ഏപ്രിൽ മാസത്തിലാണ് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ പാർക്ക് സന്ദർശിച്ചത്. വരുമാന ഇനത്തിൽ രണ്ട് ലക്ഷത്തിലധികം രൂപ സർക്കാർ ഖജനാവിലേക്ക് ലഭിക്കുകയും ചെയ്തു. പ്രവർത്തികൾ പൂർത്തീകരിക്കുന്നതൊടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി പഴശ്ശി പാർക്ക് മാറും.