വെള്ളമുണ്ട: ബാണാസുരമലയുടെ ഭാഗമായ വെള്ളമുണ്ട മംഗലശ്ശേരി മലയിൽ നിന്ന് അനധികൃതമായി മരം മുറിച്ചു കടത്തുന്നു. ആദിവാസി വിഭാഗങ്ങൾ കൈവശംവെച്ചു വരുന്ന റവന്യുഭൂമിയിൽ നിന്നാണ് ചെറുതും വലുതുമായ മരങ്ങൾ മുറിച്ചു കടത്തുന്നത്.
പുളിഞ്ഞാൽ തോടിന്റെ ഉത്ഭവ സ്ഥലം കൂടിയായ മംഗലശ്ശേരി മലമുകളിൽ നിന്ന് മാസങ്ങളായി ചെറുതും വലുതുമായി ഇരുപതിലധികം മരങ്ങളാണ് യാതൊരു അനുമതിയുമില്ലാതെ മുറിച്ചുകടത്തിയിരിക്കുന്നത്.
കാട്ടുനായ്ക്ക, പണിയ വിഭാഗക്കാർ കൈവശം വെച്ചിരിക്കുന്ന ഭൂമിയിൽ നിന്ന് പടിഞ്ഞാറത്തറയിൽ നിന്നുള്ള മരക്കച്ചവടക്കാരനാണ് നിസ്സാര വിലനൽകി മരം മുറിക്കുന്നത്.
പകൽ മുറിച്ചിടുന്ന മരങ്ങൾ രാത്രിയിൽ ട്രാക്ടറിൽ കടത്തുകയാണ് ചെയ്യുന്നത്.
ചടച്ചി,കുമുദ്,വട്ട തുടങ്ങിയ മരങ്ങളാണ് ബാണാസുരയുടെ താഴ്ഭാഗത്ത് അവശേഷിക്കുന്നത്.ഇവയാണ് പ്ലൈവുഡ് നിർമാണ മില്ലുകളിലേക്ക് മുറിച്ചുകടത്തുന്നത്. റവന്യുവകുപ്പിന്റെയും വനം വകുപ്പിന്റെയും അനാസ്ഥയാണ് മരംമുറിച്ചുകടകത്തുന്നതിന് പിന്നിലെന്ന് ആരോപണമുണ്ട്. വെള്ളമുണ്ട റീസർവ്വെ 576 നമ്പറിൽ പെട്ട പതിച്ചുനൽകാത്ത ഭൂമിയിലെ മരങ്ങളും പുറമ്പോക്കിലെ മരങ്ങളുമാണ് കടത്തിയിരിക്കുന്നത്.