പനമരം: പനമരം പുഞ്ചവയലിലെ പുത്തങ്ങാടി ശ്രീ ചന്ദ്രനാഥ ജൈന ക്ഷേത്രത്തിൽ വാർഷിക പൂജ നടന്നു. വയനാടിനകത്തും പുറത്തും നിന്നുള്ള നിരവധി ജൈന വിശ്വാസികൾ വാർഷിക ക്ഷേത്ര പൂജക്കെത്തി. അമ്പലത്തോട് ചേർന്നുള്ള ബാഹുബലി ശില്പത്തിൽ വിശ്വാസികൾ പാലും പഴങ്ങളും കൊണ്ട് അഭിഷേകം നടത്തി. പുഞ്ചവയലിലെ തകർന്നു കിടക്കുന്ന കല്ലമ്പലങ്ങളുടെ സമീപത്തുള്ള ചന്ദ്രനാഥ ക്ഷേത്രത്തിൽ കഴിഞ്ഞ അറുപത്തി രണ്ട് വർഷമായി വാർഷിക പൂജ നടക്കുന്നുണ്ട്.
ഒമ്പതാം നൂറ്റാണ്ടോടെ വയനാട്ടിൽ പ്രബലരായി മാറിയ ജൈന സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആറ് ബസ്തികളിൽ ഒന്നായിരുന്നു പുത്തങ്ങാടി. പതിനെട്ടാം നൂറ്റാണ്ടിൽ പഴശ്ശി രാജാവിന്റെയും ബ്രിട്ടീഷ് സൈന്യത്തിന്റെയും ടിപ്പു സുൽത്താന്റെയുമൊക്കെ പടയോട്ട ഭൂമിയായി മാറിയ വയനാട്ടിൽ ജൈനക്ഷേത്രങ്ങൾക്കും ജൈനസമൂഹത്തിനും തിരിച്ചടി നേരിട്ടു. ആ കാലത്താണ് കല്ലമ്പലങ്ങളിൽ പലതും തകർക്കപ്പെട്ടത്. പിന്നീട് ജൈന സമൂഹം വയനാട്ടിൽ നടത്തിയ തിരിച്ചു വരവിന്റെ പ്രതീകം കൂടിയാണ് പുഞ്ചവയലിലെ ശ്രീ ചന്ദ്രനാഥ ക്ഷേത്രം.