കൽപ്പറ്റ: വയനാട് കാഞ്ഞിരത്തിനാൽ ജോർജിന്റെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വിവിധ നിർദേശങ്ങൾ യോഗം പരിശോധിച്ചു. കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും.

യോഗത്തിൽ വനം മന്ത്രി കെ.രാജു, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, സി.കെ. ശശീന്ദ്രൻ എം.എൽ.എ, വനംവന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ്,റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു,നിയമ സെക്രട്ടറി പി.കെ അരവിന്ദ ബാബു തുടങ്ങിയവർ പങ്കെടുത്തു.

കാഞ്ഞിരത്തിനാൽ ജോർജ്, ജോസ് സഹോദരങ്ങൾ 1967ൽ കുട്ടനാട് കാർഡമം കമ്പനിയിൽനിന്ന് വിലയ്ക്കുവാങ്ങിയ കൃഷിയിടം അടിയന്തരാവസ്ഥക്കാലത്ത് വനം വകുപ്പ് പിടിച്ചെടുക്കുകയായിരുന്നു. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൈവശമുള്ളത് 1949ലെ മദ്രാസ് വനസംരക്ഷണ. നിയമത്തിന്റെ പരിധിയിൽപ്പെട്ട ഭൂമിയാണെന്ന് വാദിച്ചായിരുന്നു നടപടി.

ഇതിനെതിരായ പരാതിയിൽ 1978 നവംബർ ആറിന് കാഞ്ഞിരത്തിനാൽ കുടുംബത്തിന് അനുകൂലമായി കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ വിധിയുണ്ടായി. എന്നാൽ വനം വകുപ്പ് നൽകിയ അപ്പീലിൽ 1985 ഫെബ്രുവരി രണ്ടിന് പാലക്കാട് ഫോറസ്റ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച വിധി കുടുംബത്തിനനെതിരായി. ഇതിനു പിന്നാലെ ഹൈക്കോടതിയിലെത്തിയ ഭൂമിക്കേസിൽ കക്ഷികൾ ഹാജരാകാത്തതിനെത്തുടർന്ന് എക്‌സ്‌പാർട്ടി വിധിയുണ്ടായി. കാഞ്ഞിരത്തിനാൽ ജോർജിന്റെ പേരിൽ അദ്ദേഹം അറിയാതെ നൽകിയ ഹർജിയിലായിരുന്നു ഇത്. എന്നാൽ കാഞ്ഞിരത്തിനാൽ കുടുംബത്തിന് ഭൂമി വിട്ടുകൊടുത്ത് 2007ൽ സർക്കാർ ഉത്തരവായി.

2007 നവംബർ 24നു കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂനികുതി കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസിൽ സ്വീകരിച്ചു. ആറു ദിവസത്തിനുശേഷം കൈവശ സർട്ടിഫിക്കറ്റും അനുവദിച്ചു. എന്നാൽ ഭൂമിയിൽ കൃഷിയിറക്കുന്നതിനായി അടിക്കാടും ചെറുമരങ്ങളും വെട്ടിനീക്കുന്നതിന് കാഞ്ഞിരത്തിനാൽ കുടുംബം തേടിയ അനുമതി വനം വകുപ്പ് നിഷേധിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ തൃശൂരിലെ വൺ ലൈഫ് വൺ എർത്ത് എന്ന പരിസ്ഥിതി സംഘടന കാഞ്ഞിരത്തിനാൽ കുടുംബത്തിന് ഭൂമി വിട്ടുകൊടുത്ത സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.

1985ലെ ഫോറസ്റ്റ് ട്രിബ്യൂണൽ ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു പരിസ്ഥിതി സംഘടനയുടെ ഹർജി. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമിയിലുള്ള അവകാശം വീണ്ടും കാഞ്ഞിരത്തിനാൽ കുടുംബത്തിന് നഷ്ടമായി. പിന്നീട് നാളിതുവരെയായി സമരപാതയിലാണ് കുടുംബം.

ഭൂമിപ്രശ്‌നത്തിൽ കാഞ്ഞിരത്തിനാൽ പരേതരായ ജോർജ്, ഏലിക്കുട്ടി ദമ്പതികളുടെ മകൾ ട്രീസയുടെ ഭർത്താവ് തൊട്ടിൽപ്പാലം കട്ടക്കയം ജയിംസ് വയനാട് കലക്ടറേറ്റ് പടിക്കൽ 2015 ഓഗസ്റ്റ് 15 മുതൽ സത്യഗ്രഹം നടത്തിവരികയാണ്.