മാനന്തവാടി: നല്ലൂർനാട് വില്ലേജിൽ ഉൾപ്പെട്ട തോണിച്ചാലിൽ ശിലാ ബ്രിക്‌സ് ആൻഡ് ഗ്രാനൈറ്റ്‌സ് എന്ന പേരിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനം നിലനിൽക്കുന്ന ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ സബ്ബ് കളക്ടർ വികൽപ് ഭരദ്വാജ് ഉത്തരവിട്ടു.

കാർഷികാവശ്യങ്ങൾക്കായി പതിച്ച് നൽകിയ റവന്യൂ ഭൂമി മറ്റാവശ്യങ്ങൾക്കായി ഉപയോഗിച്ചതിനാലാണ് നടപടി.

ഭൂപതിവ് നിയമപ്രകാരം അടിയന്തിര നടപടി സ്വീകരിക്കാനാണ് ഉത്തരവ്. കൂടാതെ പ്രസ്തുത ഭൂമിയിലേക്കുള്ള പൊതുവഴിയിൽ ക്രഷർ ഉടമ സ്ഥാപിച്ച ഗേറ്റ് പൊളിച്ചു നീക്കി വഴി പുനസ്ഥാപിക്കണമെന്നും സബ്ബ് കളക്ടർ നിർദേശിച്ചിട്ടുണ്ട്.

പാലമുക്ക് സ്വദേശി സബ്ബ് കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗേറ്റ് പൊളിച്ചുനീക്കി വഴി പുനസ്ഥാപിക്കാൻ സബ്ബ് കളക്ടർ നിർദ്ദേശിച്ചത്.

പരാതിയെ തുടർന്ന് ക്രഷർ അധികൃതരുമായും പരാതിക്കാരനുമായും സബ്ബ് കളക്ടർ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ തന്റെ കൈവശ ഭൂമിയുടെ അതിർത്തിയിലുള്ളവരുടെ ആവശ്യാർത്ഥമാണ് ഗേറ്റ് നിർമ്മിച്ചതെന്നും, അത് പൊളിച്ചുനീക്കുന്നതിന് തനിക്ക് എതിർപ്പില്ലെന്നും ക്രഷർ ഉടമ അറിയിച്ചിരുന്നുവെന്നും ഉത്തരവിൽ പറയുന്നുണ്ട്.