nibin

കാക്കവയൽ: ഇന്ത്യൻ ബ്ലൈൻഡ് സ്‌പോർട്‌സ് അസോസിയേഷന്റെ നാഷണൽ ബ്ലൈൻഡ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വയനാട്ടുകാരന് കിരീടം. കാക്കവയൽ സ്വദേശികളായ മാത്യു മേരി ദമ്പതികളുടെ മകനും, ബംഗളൂരു ഐ.ഐ.ഐ.ടിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുമായ നിബിൻ മാത്യുവാണ് നാടിന്റെ അഭിമാനമായത്. പാട്യാലയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ മുംബയ്, ഡെൽഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ പതിനൊന്ന് മത്സരാർത്ഥികളെ തകർത്താണ് നിബിൻ ബി വൺ കാറ്റഗറിയിൽ കിരീടം നേടിയത്. ജൂണിൽ ഇറ്റലിയിൽ നടക്കുന്ന അന്താരാഷ്ട്ര ബ്ലൈൻഡ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നിബിൻ പങ്കെടുക്കും.

ഗ്ലോക്കോമ രോഗത്തിനടിമയായ നിബിൻ വയലിനിസ്റ്റ് കൂടിയാണ്. ബംഗളൂരുവിൽ പഠനത്തിനിടെയാണ് ടെന്നീസ് പരിശീലനം ആരംഭിച്ചത്. ഫെബ്രുവരി 19നായിരുന്നു ചാമ്പ്യൻഷിപ്പ്. ഇന്ത്യൻ ബ്ലൈൻഡ് സ്‌പോർട്‌സ് അസോസിയേഷൻ,പാട്യാല സ്‌കൂൾ ഫോർ ദ ബ്ലൈൻഡ്, പഞ്ചാബി യൂണിവേഴ്‌സിറ്റി സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

പത്താംതരം വരെ കാക്കവയൽ ഗവ.ഹൈസ്‌കൂളിലും, പ്ലസ് ടു പഠനം കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറിയിലുമാണ് പൂർത്തിയാക്കിയത്. തുടർന്ന് കോഴിക്കോട് ഫറൂഖ് കോളേജിൽ ബിരുദ പഠനത്തിന് ശേഷം മൂന്ന് വർഷത്തോളം സെൻട്രൽ റെയിൽവേയിൽ ജോലി ചെയ്തു. ഇതിനിടയിൽ ബംഗളൂരു ഐ.ഐ.ഐ.ടിയിലേക്ക് ബിരുദാനന്തര ബിരുദത്തിനായി പ്രവേശനം ലഭിച്ചു.ഇവിടെ വെച്ചാണ് നിബിൻ ബ്ലൈൻഡ് ടെന്നീസിൽ ആകൃഷ്ടനാകുന്നത്. ലണ്ടൻ ട്രിനിറ്റി കോളേജ് നിബിന് വയലിന് മൂന്നാം ഗ്രേഡ് നൽകിയിട്ടുണ്ട്. ചെസ്, ക്രിക്കറ്റ് എന്നിവയിലും നിബിൻ കഴിവു തെളിയിച്ചിട്ടുണ്ട്. നിബിന്റെ പിതാവ് മാത്യു കാക്കവയലിൽ സെയിൽ‌സ്മാനാണ്. മാതാവ് മേരി വീട്ടമ്മയാണ്. നവ്യ ഏക സഹോദരിയാണ്.