മാനന്തവാടി: നാല് വർഷം മുമ്പ് മുനിസിപ്പാലിറ്റിയായി മാറിയ മാനന്തവാടിയിൽ കെട്ടിട ഉടമകളിൽ നിന്ന് മുൻകാല പ്രാബല്യത്തോടെ ഈ വർഷം ഭീമമായ നികുതി ഈടാക്കാനുള്ള നീക്കത്തിനെതിരെ മാനന്തവാടി ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ.
നികുതി അടയ്ക്കാതെ നിസ്സഹകരണത്തിന് പുറമെ മുനിസിപ്പാലിറ്റിയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പാലിറ്റി നിലവിൽ വന്നശേഷം അത് പ്രകാരമുള്ള നികുതി ഈടാക്കാൻ ശ്രമിക്കാതെ നാല് വർഷത്തെ കുടിശ്ശികയും പിഴപ്പലിശയുമുൾപ്പെടെ അടയ്ക്കണമെന്നാവശ്യപ്പെടുന്നത് നീതികരിക്കാനാവില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
ഈ വർഷം നികുതി അടയ്ക്കാനായി മുനിസിപ്പൽ ഓഫീസിലെത്തുമ്പോൾ പലർക്കും ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണ് ചുമത്തിയിരിക്കുന്നത്. തുച്ഛമായ മാസവാടക മാത്രം ലഭിക്കുന്ന പഴയകെട്ടിട ഉടമകൾക്ക് താങ്ങാവുന്നതിലപ്പുറമാണ് ചുമത്തിയിരിക്കുന്ന നികുതി. കഴിഞ്ഞ നാല് വർഷം നികുതി പിരിക്കാതിരുന്നതിന് ഉത്തരവാദികൾ കെട്ടിട ഉടമകളല്ലാത്തിനാൽ അത് ഒരുമിച്ചടക്കാൻ തങ്ങൾക്ക് ബാധ്യതില്ലെന്ന് കെട്ടിട ഉടമകൾ പറയുന്നു. ഈ കാര്യങ്ങൾ മുനിസിപ്പാലിറ്റി ചെയർമാൻ,സെക്രട്ടറി, പ്രതിപക്ഷനേതാവ് എന്നിവരെ അറിയിച്ചതായും അനുകൂല സമീപനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികളായ ബക്കർ പള്ളിയാൽ,വി.നിരൺ, എൻ.അബ്ബാസ് ഹാദി എന്നിവർ പറഞ്ഞു.