കൽപ്പറ്റ: പ്രായം എൺപത് കഴിഞ്ഞെങ്കിലും അബ്ദുക്കയുടെ കളിപ്പാട്ടങ്ങളോടുള്ള പ്രണയത്തിന് ഇപ്പോഴും ചെറുപ്പമാണ്. അബ്ദുക്ക തന്റെ കരവിരുതിൽ ജീവൻ നൽകുന്ന ചെറുതും വലുതുമായിരുന്ന കളിപ്പാട്ടങ്ങൾക്ക് കേരളത്തിൽ അങ്ങോളമിങ്ങോളം ആവശ്യക്കാരുണ്ട്. കളിപ്പാട്ട നിർമ്മാണത്തിനായി വയനാട് വരദൂരിലെ വീടിനോട് ചേർന്നുള്ള ചായ്പ്പിലാണ് കളിപ്പാട്ടങ്ങൾ പിറക്കുന്നത്.
കൊല്ലത്ത് നിന്ന് ഓർഡർ കിട്ടിയ രണ്ട് ടിപ്പർ ലോറികളുടെ പണി ഇവിടെ നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച കൊടുക്കേണ്ടതായിരുന്നു. മണ്ണ് മാന്തിയുടെ പണിയും പകുതിയായി. ചായ്പ്പിലെ തട്ടും മുട്ടിനും പശ്ചാത്തലമൊരുക്കി എപ്പോഴും ഒരു റേഡിയോ പാടിക്കൊണ്ടേയിരിക്കും. മുപ്പത് വർഷം മുമ്പാണ് അബ്ദുക്കയുടെ കളിപ്പാട്ട പ്രണയം തുടങ്ങിയത്.
അരനൂറ്റാണ്ട് മുമ്പാണ് ഈ രണ്ടാം ക്ലാസുകാരൻ ആലുവയിൽ നിന്ന് വയനാട്ടിലെത്തിയത്. തുടർന്ന് മലയോര മണ്ണിൽ പൊന്ന് വിളയിച്ച് ജീവിതം കരുപ്പിടിപ്പിച്ചു. അതിനിടെ തഴമ്പ് വീണ അബ്ദുക്കയുടെ ഇടതുകൈകൾക്ക് കൂട്ടായി കരണിയിലെ നബീസയുമെത്തി. പിന്നെ നാലുമക്കളും കൂട്ടായെത്തി. തുടക്കത്തിൽ ഒരു ഹരമായിരുന്ന കളിപ്പാട്ട നിർമ്മാണ് പിന്നീട് ജീവിതമായി മാറുകയായിരുന്നു.
നിർമ്മാണത്തിലെ വൈവിദ്ധ്യം
മരക്കഷ്ണങ്ങളും പ്ളാസ്റ്റിക് കുപ്പികളും ഐസ്ക്രീം പന്തുകളുമാണ് കളിപ്പാട്ടങ്ങളുടെ അസംസ്‌കൃത വസ്‌തുക്കൾ. മരത്തിലുണ്ടാക്കിയ വിമാനത്തിന്റെ ലോഹപങ്ക കാറ്റത്ത് മനോഹരമായി കറങ്ങും. അബ്ദുക്കയുടെ ഉന്തുവണ്ടികൾ ഉരുളുമ്പോൾ മുകളിൽ പൂക്കൾ കറങ്ങും, പൂമ്പാറ്റകൾ ചിറകടിക്കും. ടിപ്പറിന് മുൻപിലെ കൊളുത്ത് വലിച്ചാൽ മണൽ കയറ്റിയ ഭാഗം മുകളിലേക്കുയരും. പിന്നെ വാതിൽ തുറന്ന് മണൽ താഴേക്ക് വീഴും.
ഒരു ദിവസത്തെ അധ്വാനത്തിൽ ശരാശരി മൂന്ന് കാളിപ്പാട്ടങ്ങളുണ്ടാക്കും. പത്ത് പതിനഞ്ചെണ്ണമായാൽ എല്ലാം ചുമന്ന് വിൽക്കാൻ അങ്ങാടിയിലെത്തിക്കും. ഉന്തുവണ്ടിയിൽ കളിപ്പാട്ടങ്ങളുമായി പോകുമ്പോൾ ചുറ്റുംകൂടുന്നവരും ഇവ വാങ്ങും. അങ്ങനെ കിട്ടുന്ന കാശിനാണ് ആരുടെ മുന്നിലും കൈ നീട്ടാതെ അബ്ദുക്ക തന്റെ നബീസയെ പൊന്നുപോലെ നോക്കുന്നത്.