28ന് എം.എൽ.എയുടെ ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച്
ബദൽ പാതയുടെ സൂത്രധാരൻ ഐ.സി.ബാലകൃഷ്ണൻ
രാഹുൽഗാന്ധിയുടെ ഇടപെടൽ എന്താണെന്ന് വ്യക്തമാക്കണം
കൽപ്പറ്റ: ദേശീയപാത 766 തുറക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ബഹുജന പ്രക്ഷോഭത്തെ വഞ്ചിച്ച ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് 28ന് രാവിലെ എം.എൽ.എയുടെ ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച് സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2009ൽ രാത്രിയാത്ര നിരോധിച്ചപ്പോൾ അന്നത്തെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ കർണാടക സർക്കാരുമായി ബന്ധപ്പെടുകയും കളക്ടർ നിരോധനം പിൻവലിക്കുകയും ചെയ്തു. പിന്നീട് കർണാടകയിലെ പരിസ്ഥിതിപ്രവർത്തകർ കർണാടക ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് വീണ്ടും നിരോധനം പ്രാബല്യത്തിൽ വന്നത്. കർണാടക ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീൽ സുപ്രീം കോടതി പരിഗണിച്ചു വരികയാണ്.
ഇതിനിടയിൽ കഴിഞ്ഞ ഓഗസ്റ്റിൽ മാനന്തവാടി ഗോണിക്കുപ്പ മൈസൂർ റോഡ് ദേശീയപാത 766ന് ബദൽ ആയി ഉപയോഗിക്കുന്നത് സംബന്ധിച്ച് കോടതി കേന്ദ്ര മന്ത്രാലയങ്ങളോട് അഭിപ്രായം ആരാഞ്ഞു. ദേശീയപാത പകൽ കൂടി അടച്ചുപൂട്ടുമെന്ന് ആശങ്ക ഉയർന്നതോടെ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ചെയർമാനും, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരേഷ് താളൂർ കൺവീനറുമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഈ സമിതിയുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾ നടത്തി.
മുഖ്യമന്ത്രി ഡൽഹിയിൽ ചെന്ന് കേന്ദ്ര മന്ത്രിമാരെ കണ്ട് ദേശീയപാത 766 അടയ്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു. ബത്തേരി കൽപ്പറ്റ എംഎൽഎമാരും ആക്ഷൻ കമ്മിറ്റി നേതാക്കളും ആ യോഗത്തിൽ പങ്കെടുത്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ആക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നതായി ഐ.സിബാലകൃഷ്ണൻ പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്ര കേരള സർക്കാരുകൾ സമരത്തെ വഞ്ചിച്ചു എന്നാണ് കാരണമായി പറഞ്ഞത്.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേരളവും കർണാടകയും കേന്ദ്രവും ഒരേസമയം കോൺഗ്രസ് ഭരണം ഉണ്ടായിരുന്നു. അന്നൊന്നും ഈ പ്രശ്‌നം പരിഹരിക്കാൻ ഒരു മുൻകൈയും കോൺഗ്രസ് സർക്കാർ സ്വീകരിച്ചില്ല. കഴിഞ്ഞ ഒമ്പതു വർഷമായി എംഎൽഎ ആയി തുടരുന്ന ഐ.സി ബാലകൃഷ്ണൻ ആക്ഷൻ കമ്മിറ്റി നിലവിൽ വരുന്നതുവരെ പാതയുടെ ഒരു കാര്യവും അന്വേഷിച്ചില്ല.
ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ കർണാടകത്തിൽ മുഖ്യമന്ത്രിയുമായി ഐ.സി ബാലകൃഷ്ണനും, മന്ത്രി ജയലക്ഷ്മിയും എം.ഐ ഷാനവാസ് എംപിയും പങ്കെടുത്ത യോഗത്തിൽ വച്ചാണ് മാനന്തവാടി ഗോണിക്കുപ്പ മൈസൂർ ബദൽ പാത എന്ന ആശയം ആദ്യമായി ഉയരുന്നത്.
ചെയർമാൻ സ്ഥാനം രാജിവെച്ച എം.എൽ.എ വള്ളുവാടി ചിക്കബുർഗി പാത ബദലായി സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
കത്തും ഒപ്പും വ്യാജമാണെങ്കിൽ അത് തയ്യാറാക്കിയവർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ എംഎൽഎ തയ്യാറാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
എൽ.ഡി.എഫ് കൺവീനർ കെ.വി മോഹനൻ, സി.പി.എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സി.പി.ഐ ജില്ലാ അസിസിറ്റന്റ് സെക്രട്ടറി സി.എസ് സ്റ്റാൻലി, സി.എം ശിവരാമൻ, മുഹമ്മദ് പ!ഞ്ചാര, സണ്ണി മാത്യു എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്.