photo

ചേർത്തല: ഗതാഗത തിരക്കേറിയ പാലത്തിന്റെ കൈവരി തകർന്നതോടെ യാത്രക്കാർ സഞ്ചരിക്കുന്നത് ഭീതിയോടെ.നഗര മദ്ധ്യത്തിലെ സെന്റ് മേരീസ് പാലത്തിന്റെ കൈവരിയുടെ ഭാഗമാണ് തകർന്നത്.കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസുകളടക്കം നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്നത് പാലത്തിലൂടെയാണ്. സ്‌കൂൾ വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് കാൽനട യാത്രക്കാരാണ് ഇതുവഴി ദിനം പ്രതി സഞ്ചരിക്കുന്നത്.ആലപ്പുഴ-ചേർത്തല കനാലിന് കുറുകെ സെന്റ് മേരീസ് സ്കൂളിന് സമീപത്തായി പലകപ്പാലമായിരുന്നു മുമ്പ് ഉണ്ടായിരുന്നത്.നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് 1961-62 കാലത്താണ് പൊതുമരാമത്ത് വകുപ്പ് ഇവിടെ പാലം നിർമ്മിച്ചത്.

ആറു പതിറ്റാണ്ട് പഴക്കമുള്ള പാലത്തിൽ ഇതുവരെ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല.താലൂക്ക് ആശുപത്രി,താലൂക്ക് ഓഫീസ്,ഡിവൈ.എസ്.പി ഓഫീസ്,മിനി സിവിൽ സ്​റ്റേഷൻ,സബ് രജിസ്ട്രാർ ഓഫീസ്,ഹെഡ് പോസ്​റ്റ് ഓഫീസ്,ഗവ. ടൗൺ എൽ.പി സ്‌കൂൾ,എസ്.എൻ.എം.ജി.ബി.എച്ച്.എസ്,വാട്ടർ അതോറിട്ടി ഓഫീസ്, ബി.എസ്.എൻ.എൽ ഓഫീസ് എന്നിവിടങ്ങളിലേക്ക് പോകുന്നത് ഈ പാലത്തിലൂടെയാണ്. കൈവരി തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അധികൃതർ ഗൗരവമായി എടുത്തിട്ടില്ലെന്ന് നഗരവാസികൾ ആരോപിച്ചു.തകർന്ന ഭാഗം നന്നാക്കാനോ സൂചന ബോർഡ് സ്ഥാപിക്കാനോ നടപടി സ്വീകരിച്ചിട്ടില്ല.വടക്ക് ഭാഗത്തെ കൈവരിയുടെ കിഴക്ക്,പടിഞ്ഞാറ് വശങ്ങളാണ് തകർന്നത്.വാഹനം ഇടിച്ചാണ് കൈവരി തകർന്നതെന്ന് നാട്ടുകാർ പറഞ്ഞു.