മാവേലിക്കര :പുതിയ സാമ്പത്തിക വർഷത്തിൽ പത്ത് ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. തഴക്കര ഗ്രാമ പഞ്ചായത്തിലെ വെട്ടിയാർ താന്നിക്കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുള്ള 86 ലക്ഷം കുടുംബങ്ങളിൽ 22 ലക്ഷത്തോളം കുടുംബങ്ങൾക്ക് മാത്രമാണ് കുടിവെള്ള പൈപ്പുകൾ വീടുകളിൽ ലഭ്യമുള്ളത്. ബാക്കിയുള്ള കുടുംബങ്ങളിലേക്കും കണക്ഷൻ എത്തിക്കാൻ വേണ്ട നടപടികൾ സർക്കാർ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ആർ.രാജേഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി.
എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. ഇബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘു പ്രസാദ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ്, വൈസ് പ്രസിഡന്റ് എസ് അനിരുദ്ധൻ, കേരള വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ സി.വി സുനിൽകുമാർ, ജില്ല പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, തുടങ്ങിയവർ സംസാരിച്ചു. വാട്ടർ അതോറിറ്റി സൂപ്രണ്ട് എൻജിനിയർ വി.കെ പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു.