 ജില്ലയിലെ 47 ഗവ. ഹൈസ്കൂളുകൾക്ക് ഒരേനിറം

ആലപ്പുഴ: അടുത്ത അദ്ധ്യയന വർഷം മുതൽ ജില്ലയിൽ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 47 ഹൈസ്കൂളുകളും ഏകീകൃത നിറത്തിലാകും. മൂന്ന് മാസത്തിനുള്ളിൽ മുഴുവൻ സ്കൂളുകളുടെയും നിറംമാറ്റൽ പൂർണ്ണമാവും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലീൻ കാമ്പസ്, ഗ്രീൻ കാമ്പസ് പദ്ധതിയോടനുബന്ധിച്ചാണ് സ്‌കൂൾ കെട്ടിടങ്ങളുടെ ഈ നിറംമാറ്റം.

ഇളംപച്ചയും മഞ്ഞയും ചേർന്നുള്ള നിറക്കൂട്ടാണ് ഏകീകൃതമായി നടപ്പാക്കുന്നത്. മഞ്ഞയിൽ ഇളംപച്ച നിറത്തിലുള്ള ബോർഡോടു കൂടിയതായിരിക്കും ഭിത്തികൾ. ഒറ്റനോട്ടത്തിൽ സർക്കാർ സ്‌കൂളുകൾ തിരിച്ചറിയാനാകും. നിലവിൽ പല സ്‌കൂളുകൾക്കും വ്യത്യസ്ത നിറങ്ങളാണ്. ജില്ലയിൽ പദ്ധതി വിജയകരമായാൽ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സർക്കാർ സ്‌കൂളുകളിലാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നതെങ്കിലും ഭാവിയിൽ മാനേജ്‌മെന്റുകളുടെ സഹകരണത്തോടെ എയ്ഡഡ് സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചേക്കും. ഏകീകൃതനിറം പൂശുന്നതിന് ഓരോ സ്‌കൂളിനും രണ്ട് ലക്ഷം രൂപ വീതമാണ് ജില്ലാ പഞ്ചായത്ത് നൽകുന്നത്.

 നേതൃത്വം പി.ടി.എയ്ക്ക്

സ്‌കൂളുകളുടെ നിറം മാറ്റത്തിന്റെ നേതൃത്വം അതത് പി.ടി.എകൾക്കാണ്. ഓരോ സ്‌കൂളിനും രണ്ടുലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്. സ്‌കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ കൺവീനറും പി.ടി.എ പ്രസിഡന്റ് ചെയർമാനുമായുള്ള കമ്മിറ്റിക്കായിരിക്കും പദ്ധതി നടത്തിപ്പിന്റെ ചുമതല. 200 രൂപ മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിൽ ജില്ലാ പഞ്ചായത്ത് അസി.എക്‌സിക്യുട്ടിവ് എൻജിനിയറുമായി കരാർ ഉണ്ടാക്കണം. തുടർന്ന് പെയിന്റിംഗിന്റെ എസ്റ്റിമേറ്റ് പഞ്ചായത്ത് അസി.എൻജിനിയർ തയ്യാറാക്കി അംഗീകാരം വാങ്ങണം. ഗുണഭോക്തൃ സമിതി മാനദണ്ഡപ്രകാരം ഒറിജിനൽ ബിൽ, മസ്റ്റർ റോൾ, ചെലവ് അംഗീകരിച്ചുള്ള മിനിട്ട്‌സിന്റെ കോപ്പി എന്നിവ അസി. എൻജിനിയർക്ക് നൽകണം. നാലിൽ കൂടുതൽ കെട്ടിടങ്ങളുള്ള സ്‌കൂളുകൾക്ക് പെയിന്റിംഗിന് രണ്ടുലക്ഷം രൂപ തികയാതെ വരും. സ്‌കൂളിന്റെ നിറംമാറ്റത്തിനൊപ്പം അറ്റകുറ്റപ്പണികളും നടത്തേണ്ടതുണ്ട്. അധിക തുക പി.ടി.എ കണ്ടെത്തണം.

......................................

# മടിച്ച് രണ്ട് സ്കൂളുകൾ

 മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഇറവങ്കര സ്കൂൾ

 ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ തോട്ടപ്പള്ളി നാലുചിറ ഗവ. ഹൈസ്കൂൾ

 അടിയന്തിരമായി എഗ്രിമെന്റ് വയ്ക്കാൻ രണ്ടു സ്കൂളുകൾക്കും നിർദ്ദേശം

 എഗ്രിമെന്റിന് ശേഷമേ എസ്റ്റിമേറ്റ് എടുക്കാനാവൂ

.................................................

 ഒറ്റയടിക്ക് രണ്ട് ലക്ഷം

മുൻകാലങ്ങളിൽ 10,000 രൂപയായിരുന്നു സ്കൂളുകളുടെ പെയിന്റിംഗിന് നൽകിയിരുന്നത്. അത് ഒറ്റയടിക്ക് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപയാക്കിയത് സർക്കാർ സ്കൂളുകൾക്ക് ആശ്വാസമായി. ചെറിയ തരത്തിലുള്ള അറ്റകുറ്റപ്പണിയും ഈ തുക ഉപയോഗിച്ച് ന‌ടത്താൻ കഴിയുമെന്നത് സ്കൂൾ അധികൃതർക്ക് സഹായകരമാവും.

............................................

'നിറംമാറ്റത്തിന് ജില്ലാ പഞ്ചാത്ത് രണ്ട് ലക്ഷം രൂപവീതം ഓരോ പി.ടി.എയ്ക്കും നൽകും. കഴിഞ്ഞ അദ്ധ്യയന വർഷത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പുതിയ അദ്ധ്യയന വർഷം എല്ലാ സ്കൂളിലും ഒരേ നിറത്തിലുള്ള കെട്ടിടത്തിലായിരിക്കും പ്രവേശനോത്സവം നടത്തുന്നത്'

(അഡ്വ. മാത്യു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ജില്ലാ പഞ്ചായത്ത്)