ആലപ്പുഴ: എം.എൽ.എമാരുടെ ആസ്തി വികസനപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രന്ഥശാലകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് ആനുകൂലമായ തീരുമാനമെടുക്കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ.മേദിനി, ചുനക്കര ജനാർദ്ദനൻ നായർ, ചേർത്തല രാജൻ, രാമപുരം ചന്ദ്രബാബു, ശുഭകേശൻ തുടങ്ങി കലാ-സാഹിത്യ-കാർഷിക രംഗത്തുള്ള 18പേരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ഭരണഘടനയും നിയമവാഴ്ചയും ജനാധിപത്യവും എന്ന സെമിനാറിൽ ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് വിഷയാവതരണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ആർ.മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ അഡ്വ. പി.വിശ്വേശ്വര പണിക്കർ, മുഞ്ഞിനാട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മാലൂർ ശ്രീധരൻ സ്വാഗതവും സി.കെ.അനിൽകുമാർ നന്ദിയും പറഞ്ഞു.