ആലപ്പുഴ: കോടികൾ ചെലവഴിച്ചുള്ള കനാൽ നവീകരണം ഇത്തവണയും ശരിയാവുമെന്ന് തോന്നുന്നില്ലെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷന്റെ സഞ്ചരിക്കുന്ന മാലിന്യ ശേഖരണ ബോട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

'കനാൽ കരയിലുള്ള ശ്മശാന മരങ്ങൾ മുറിച്ചു മാറ്റി പകരം നാടിന് ദോഷകരമല്ലാത്ത നല്ലയിനം മരങ്ങൾ വച്ചു പിടിപ്പിക്കണം. ഇതിനോടകം എത്ര കോടികളാണ് പലഘട്ടങ്ങളിൽ കനാലിൽ ചെലവഴിച്ചത്. കനാലിലെ മാലിന്യ പ്രശ്‌നം സമ്പൂർണ്ണമായി പരിഹരിച്ച് ഇരു കരകളും കല്ലുകെട്ടി സംരക്ഷിക്കണം. ഇതിന് തടസം കനാൽക്കരിയിലെ ഈ മരങ്ങളാണ്. അതെല്ലാം വെട്ടിമാറ്റണം. വർഷങ്ങൾക്ക് മുമ്പ് ഞാനും മന്ത്രി തോമസ് ഐസക്കും ചേർന്ന് കനാൽ നവീകരണ പ്രവർത്തനം നടത്തുന്നതിനിടെ വഴിച്ചേരി സബ്ട്രഷറിക്ക് മുന്നിലുള്ള ഒരു മരത്തിന്റെ ചില്ലവെട്ടിയപ്പോൾ അതിൽ നിന്ന് പറവകൾ വീണ് ചത്തു. അടുത്ത ദിവസം മറുനാട്ടിൽ നിന്ന് എത്തിയ സാഹിത്യകാരൻ ആ മരത്തിൽ കെട്ടിപ്പിടിച്ച് സമരം നടത്തി. ഇത്തരം സമരമുറയെ വിമർശിച്ച് ഞാൻ ഒരുകവിതയും എഴുതി പ്രസിദ്ധീകരിച്ചു.

പ്രൊഫഷണലിസ്റ്റുകൾ ഭ്രാന്തന്മാർ പറയുന്ന വികസന പദ്ധതികൾക്ക് രൂപം നൽകരുത്.

അതാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ആലപ്പുഴയിൽ 700 കോടിയുടെ മോബിലിറ്റി ഹബ്ബ് പദ്ധതി ഇല്ലാതാകാൻ കാരണം കെ.എസ്.ആർ.ടി.സിയുടെ നിലപാടാണ്. പുതിയ കെട്ടിട സമുച്ചയം സർക്കാർ നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞിട്ടും ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ നിന്ന് മാറാൻ മനോഭാവമില്ലാത്ത സമീപനമാണ് കെ.എസ്.ആർ.ടി.സിയുടേത്. നഗരത്തിലെ 21 റോഡുകൾ പുനർ നിർമ്മിക്കാൻ ആദ്യം കരാറെടുത്തയാൾ ഒഴിവായതിനാൽ വീണ്ടും ടെൻഡർ വിളിച്ച് പദ്ധതി ഉടൻ നടപ്പാക്കും. മാലിന്യ സംസ്കരണത്തിന് ഹൗസ് ബോട്ട് ഉടമകൾ തന്നെ രംഗത്ത് വരുന്നത് സ്വാഗതാർഹമാണ്'- മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.മാത്യു, ബി.ബിജു, സുവർണ പ്രതാപൻ, ജോണി മുക്കം, കെ.എസ്. രാജേഷ്, ലോറൻസ്, രൂപേഷ് എന്നിവർ സംസാരിച്ചു.