ആലപ്പുഴ:പുന്നപ്ര വടക്ക് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം മന്തി ജി.സുധാകരൻ നാടിന് സമർപ്പിച്ചു. പഞ്ചായത്തിന്റെ ആരോഗ്യമേഖലയിലെ ചരിത്രം കുറിക്കുന്ന പദ്ധതിയാണ് പ്രാവർത്തികമായതെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ രണ്ടാംസ്ഥാനം പുന്നപ്ര വടക്കിന് ലഭിച്ചത് ആർദ്റം പദ്ധതിയുടെ വലിയ നേട്ടമാണ്. ആരോഗ്യ രംഗത്ത് എല്ലാവിധ സജ്ജീകരണങ്ങളും ജില്ലയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവീകരിച്ച ലാബിന്റെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു.

നാഷണൽ ക്വാളി​റ്റി അഷ്വറൻസ് സ്​റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്)എന്ന ദേശീയ അംഗീകാരവും കേരള സർക്കാരിന്റെ കേരള അക്രെഡി​റ്റേഷൻ സ്റ്റാൻഡേർഡ്സ് ഫോർ ഹോസ്പി​റ്റൽ (കാഷ്) അംഗീകാരവും സംസ്ഥാന സർക്കാരിന്റെ കായ കൽപ്പ് അവാർഡും ഇതിനോടകം കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു.

പുന്നപ്ര വടക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫീസർ എൻ.അനിത കുമാരി, പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ, വൈസ് പ്രസിഡന്റ് വി.കെ. വിശ്വനാഥൻ, സെക്രട്ടറി വി.ജെ.പോൾ, സ്​റ്റാന്റിംഗ് കമ്മ​റ്റി ചെയർമാൻമാരായ ഗീതാബാബു, പി.ആർ.രതീഷ് കുമാർ, ഷിബി ഓമനക്കുട്ടൻ എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ആർ രതീഷ്. റിപ്പോർട്ട് അവതരിപ്പിച്ചു.

നവീകരണത്തിന് ചെലവഴിച്ചത് 94 ലക്ഷം
കുടുംബാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് 94 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഡോക്ടറെ കാണാൻ എത്തുന്ന എല്ലാ രോഗികളെയും പ്രീ ചെക്ക് ചെയ്യുന്നതിലൂടെ ജീവിത ശൈലി രോഗ നിർണയം കണ്ടെത്താൻ സാധിക്കുന്നു. വിഷാദ രോഗ നിർണയത്തിനായി മാസത്തിൽ അവസാനത്തെ ചൊവ്വാഴ്ച ആശ്വാസ് ക്ലിനിക് പ്രവർത്തിക്കുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി മാസത്തിൽ ഒരു ദിവസം സമ്പൂർണ മാനസിക ആരോഗ്യ ക്ലിനിക്കും പ്രവർത്തിക്കും. ശ്വാസകോശ സംബന്ധമായ രോഗ നിർണയത്തിനായി ശ്വാസ് ക്ലിനിക്കിൽ സ്പൈറോമെട്രിയുടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിലെ 5സബ് സെന്റർ മാസത്തിലെ മൂന്നാമത്തെ വ്യാഴാഴ്ചയും പ്രവർത്തന സജ്ജമാണ്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ലാബ് സൗകര്യം ലഭിക്കും.