 സ്ഥിരം ഓരുമുട്ടുകൾ സ്ഥാപിക്കണമെന്ന് ആവശ്യം


ആലപ്പുഴ: കനത്തചൂടിൽ ജലാശയങ്ങളിൽ ജലനിരപ്പ് താഴുകയും കായംകുളം കായലിൽ നിന്നുള്ള ഉപ്പുവെള്ളത്തിന്റെ ഒഴുക്ക് ശക്തമാവുകയും ചെയ്തത് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ 20,000 ഹെക്ടർ നെൽകൃഷിക്ക് ഭീഷണിയായി. നെൽച്ചെടികൾക്ക് 60 മുതൽ 90 ദിവസം വരെ പ്രായമുണ്ട്.

ഹെക്ടറിന് 40,000 രൂപ വരെ ചെലവഴിച്ചാണ് വിളവിറക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജലാശയങ്ങളിലെ ഉപ്പിന്റെ അളവ് കുറയണമെങ്കിൽ രണ്ട് ശതമാനം മഴയെങ്കിലും ലഭിക്കണം. കാർത്തികപ്പള്ളി താലൂക്കിലെ വിവിധ സ്ഥലങ്ങളിലായി എല്ലാ വർഷവും നിർമ്മിച്ചിരുന്ന താത്കാലിക ഓരുബണ്ട് മുട്ട് നിർമ്മാണം ഇത്തവണ നടത്താത്തതാണ് കൃഷി നശിക്കാൻ വഴിയൊരുക്കുന്നത്.

കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശത്ത് ഓരുവെള്ളം തടയാൻ സ്ഥിരം സംവിധാനമെന്നോണം പുളിക്കീഴ് ആറ്റിൽ റെഗുലേറ്ററിംഗ് സംവിധാനത്തോടെയുള്ള പദ്ധതി ഇറിഷേൻ വകുപ്പ് മെക്കാനിക്കൽ വിഭാഗം തയ്യാറാക്കിയിരുന്നു. രൂപരേഖയുടെ അംഗീകാരം വൈകുന്നതാണ് നിർമ്മാണത്തിന് തടസമുണ്ടാക്കുന്നത്. പദ്ധതി നടപ്പായാൽ താത്കാലിക ഓരുമുട്ടുകൾ സ്ഥാപിക്കാനുള്ള ചെലവും ഒഴിവാകും.

പദ്ധതി നടപ്പാക്കാൻ സുരേഷ് ഗോപി എം.പിയുടെ വികസന ഫണ്ടിൽ നിന്ന് 2016-17 വർഷത്തിൽ 3.73 കോടി രൂപ അനുവദിച്ചിരുന്നു. കടലിൽ നിന്ന് കായംകുളം കായൽ വഴി കയറുന്ന ഉപ്പ് വെള്ളം പുളിക്കീഴ് ആറ്റിലൂടെ എത്തിയാണ് കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശത്തെ നെൽകൃഷി നശിപ്പിക്കുന്നത്.

 തോടുകളിലും ഉപ്പ്

തോടുകളിലെയും ആറുകളിലെയും ജലത്തിൽ ഉപ്പിന്റെ അംശം കൂടുന്നുണ്ട്. കഴിഞ്ഞ വർഷം ഇത് 23 ശതമാനമായിരുന്നു. മലയോര ഗ്രാമമായ കോഴഞ്ചേരി വരെ ഉപ്പിന്റെ സാന്ദ്രത എത്തിയതായി ജലസേചന വകുപ്പ് നടത്തിയ പഠനത്തിൽ ബോദ്ധ്യമായി. കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്കു പുറമേ 3 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് കുടിവെള്ളവും മുട്ടി. ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയർ ലേഖ നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 3.73 കോടി രൂപ വികസന ഫണ്ടിൽ നിന്ന് അനുവദിച്ചത്. എന്നാൽ തുടർ പ്രവർത്തനം നടത്തുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടി.

...........................................

 ഓരുജലം തടയാൻ ജില്ലയിൽ പ്രതിവർഷം നിർമ്മിക്കുന്നത് 182 ഓരുമുട്ടുകൾ

 നിർമ്മാണം തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, പുളിക്കീഴ് എന്നിവിടങ്ങളിൽ

 നിർമ്മാണത്തിൽ സാമ്പത്തിക ക്രമക്കേടുകളെന്നും ആക്ഷേപം

 സ്ഥിരം സംവിധാനം വന്നാൽ അഴിമതി ഒഴിവാകും

 ഉദ്യോഗസ്ഥർക്ക് താല്പര്യം താത്കാലിക മുട്ടുകളെന്ന് കർഷകർ

..........................................

 കുടിവെള്ളവും ഇല്ല

താപനില കൂടിയതോടെ ജലസ്രോതസുകൾ വറ്റിവരണ്ട് കുട്ടനാടിന്റെ കിഴക്കൻ മേഖലകളായ നീലംപേരൂർ, കാവാലം, പുളിങ്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിൽ രൂക്ഷമായ ജല ക്ഷാമമാണ് അനുഭവപ്പെടുന്നത്.
പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാനില്ല. 80 ശതമാനം പേരും വെള്ളം വിലയ്ക്കു വാങ്ങിയാണ് ഉപയോഗിക്കുന്നത്. ആയിരം ലിറ്റർ വെള്ളത്തിന് 800 രൂപയിലേറെ നൽകണം. തുരുത്തി, കുറിച്ചി, ഇത്തിത്താനം, മലകുന്നം തുടങ്ങിയിടങ്ങളിൽനിന്നാണ് വെള്ളം എത്തിക്കുന്നത്.

........................................

'ഡാമിലെ വെള്ളം തുറന്ന് വിട്ട് ഉപ്പു വെള്ളത്തിന്റെ ഭീഷണിയിൽ നിന്ന് കാർഷിക മേഖലയെ രക്ഷിക്കണം. അടിയന്തിരമായി ഇക്കാര്യത്തിൽ നടപടി വേണം'

(കുട്ടനാട്ടിലെ കർഷകർ)