ചേർത്തല: ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കേണ്ടി വരുന്ന വിഭാഗമാണ് ദളിത് സമൂഹമെന്ന് മന്ത്റി പി.തിലോത്തമൻ പറഞ്ഞു. വേലൻ സംഘടനകൾ ഒരു പേരിൽ ഒരു കുടക്കീഴിൽ ഒന്നിക്കുന്ന ഏകോപന പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.
നിലവിലുള്ള സംവരണങ്ങൾ എല്ലാം കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണ്. ദളിതരുടെ ലയനം ഇപ്പോഴുള്ള രാഷ്ടീയ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്.ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാൻ നമ്മൾ ഇനിയും വലിയ സമരങ്ങൾ നടത്തേണ്ടിവരുമെന്നും മന്ത്റി പറഞ്ഞു. ചേർത്തല നഗരസഭ ടൗൺഹാളിൽ നടന്ന ലയന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം.കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കേരള വേലൻ മഹാസഭ, ഭാരതീയ വേലൻ സൊസൈറ്റി, സ്വജന സമുദായ സഭ, വേലൻ സംരക്ഷണ സമിതി എന്നീ അഞ്ച് സംഘടനകൾ ഒന്നിച്ച് ഇനി കേരള വേലൻ ഏകോപന സമിതി എന്ന പേരിൽ പ്രവർത്തിക്കും.പത്മശ്രീ പുരസ്‌കാര ജേതാക്കളായ പങ്കജാക്ഷിയമ്മ,എം.കെ.കുഞ്ഞുമോൻ എന്നിവരെ മന്ത്റി ആദരിച്ചു. എ.എം. ആരിഫ് എം.പി, മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ്, വാർഡ് കൗൺസിലർ ആർ.മുരളി, ജോയിന്റ് കൺവീനർ സി.വി.സുരേഷ്,കൺവീനർ കെ.ഗോപാലൻ, സി.എസ്.ശശീന്ദ്രൻ, എം.എസ്.ബാഹുലേയൻ, കെ.കെ.ശശി, സി.കെ.രാജൻ, പി.വി.മുരളീധരൻ, വി.വി.സത്യരാജൻ,വിഷ്ണു മോഹൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി വിഷ്ണു മോഹൻ(പ്രസിഡന്റ് ), കെ.കെ.ശശി (വൈസ് പ്രസിഡന്റ്), വി.വി. സത്യരാജൻ (ജനറൽ സെക്രട്ടറി), പി.വി.മുരളീധരൻ (ജോയിന്റ് സെക്രട്ടറി), സി.കെ.രാജൻ (ട്രഷറർ) എന്നിവരേയും തിരഞ്ഞെടുത്തു.