അമ്പലപ്പുഴ:കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പത്താം വാർഡ് കൊപ്പാറക്കടവ് തോപ്പിത്തറ വീട്ടിൽ മംഗളൻ ശോഭ ദമ്പതികളുടെ മകൾ ശ്യാമിലിക്കു (19) വേണ്ടി നാടൊന്നിച്ചപ്പോൾ മണിക്കൂറുകൾ കൊണ്ട് സമാഹരിച്ചത് 23.62 ലക്ഷം രൂപ.

ശ്യാമിലിയുടെ പേരിൽ രൂപീകരിച്ച ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിലാണ് ഒമ്പത് വാർഡുകളിൽ പണ സമാഹരണം നടന്നത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ 500 ഓളം പേരാണ് പൊള്ളുന്ന വെയിലിനെ അവഗണിച്ച് പിരിവിനിറങ്ങിയത്. കൂടാതെ വിവിധ സംഘടനകൾ നൽകിയതും ബാങ്ക് അക്കൗണ്ടിൽ എത്തിയതുമുൾപ്പെടെ 28.31 ലക്ഷം ആകെ ലഭിച്ചു. 30 ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം.

കേരളാ ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ മുൻകൈയെടുത്ത് പത്തു സ്വകാര്യ ബസുകളുടെ ഒരു ദിവസത്തെ കളക്ഷൻ തുകയായ 68,500 രൂപ സഹായ നിധിയിലേക്ക് കൈമാറി. യുവാക്കളുടെ കൂട്ടായ്മയായ യവനികയുടെ നേതൃത്വത്തിൽ അംഗങ്ങൾ സമാഹരിച്ചത് 66,500 രൂപയാണ്. പിതാവ് മംഗളനാണ് മകൾക്ക് കരൾ പകുത്തു നൽകിയത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടന്നിരുന്നു. തുടർ ചികിത്സയ്ക്കും ആശുപത്രി ചെലവുകൾക്കുമായി ഈ തുക കൈമാറും. നീർക്കുന്നം എച്ച്.ഐ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ജീവൻരക്ഷാ സമിതി ഭാരവാഹികളിൽ നിന്ന് ശ്യാമിലിയുടെ ബന്ധു ഭാസ്കരൻ തുക ഏറ്റുവാങ്ങി. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ.അഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു.പ്രജിത്ത്‌ കാരിക്കൽ,യു എം കബീർ, കെ അനിൽകുമാർ,ഇബ്രാഹിം കുട്ടി വിളക്കേഴം, ജി. രാധ,സി പ്രദീപ്‌,ലേഖാമോൾ സനൽ,അഡ്വ.പ്രദീപ്‌ കൂട്ടാല,ജയപ്രകാശ്‌,സുരേഷ്‌ ബാബു,ബി ശ്രീകുമാർ എന്നിവർ സംസാരിച്ചു.