 ഒരു കുതിരയും തേരും എത്താൻ വൈകി

മാവേലിക്കര: ദേശക്കാരുടെ മെയ്ക്കരുത്തിന്റെയും കരവിരുതിന്റെയും കലാവൈഭവത്തിന്റെയും നേർക്കാഴ്ചകളായ കെട്ടോരുക്കുകൾ ചെട്ടികുളങ്ങരഅമ്മയുടെ അനുഗ്രഹം വാങ്ങിയ ശേഷം കാർത്തിക നാളായിരുന്ന ഇന്നലെ രാവിലെ മുതൽ കരകളിലേക്ക് മടങ്ങി.

ഭരണി നാളിൽ പതിവുപോലെ വൈകിട്ട് നാലോടെ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടെങ്കിലും സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വൈകിയാണ് കെട്ടുകാഴ്ചകൾ പൂർണ്ണമായി കാഴ്ചക്കണ്ടത്തിൽ അണിനിരന്നത്. ഒന്നാം കരയായ ഈരേഴ തെക്ക് കരയുടെ കുതിരയും ആറാം കരയായ കണ്ണമംഗലം വടക്ക് കരയുടെ തേരും എത്താൻ താമസിച്ചതാണ് കെട്ടുകാഴ്ചകൾ അണിനിരക്കാൻ വൈകിയത്. ഈരേഴ തെക്ക് കുതിരയുടെ മേൽകൂടാരത്തിന്റെ കെട്ട് പാതിവഴിയിൽ വച്ച് പൊട്ടിപ്പോയതാണ് കുതിര താമസിക്കാൻ കാരണം. രാത്രി 8.15 ഓടെയാണ് കുതിരയെ ക്ഷേത്രത്തിൽ എത്തിച്ചത്. കാഴ്ചക്കണ്ടത്തിൽ ഇറക്കിയപ്പോൾ 8.30 കഴിഞ്ഞിരുന്നു. രണ്ടാം കരയായ ഈരേഴ വടക്ക് കരയുടെ കുതിര ഇതിന് ശേഷമാണ് എത്തിച്ചത്.

രാത്രി 11 മണിയോടെ ആദ്യ 5 കരകളിലെ കെട്ടുകാഴ്ചകൾ ദേവിയെ വണങ്ങി കാഴ്ചക്കണ്ടത്തിൽ അണിനിരന്നെങ്കിലും കണ്ണമംഗലം വടക്ക് കരയുടെ കെട്ടുകാഴ്ച എത്തിയില്ല. പുതുക്കിപ്പണിഞ്ഞ കണ്ണമംഗലം വടക്ക് തേരിന്റെ ഇടക്കൂടാരത്തിലെ താങ്ങുതടി പാതിവഴിക്ക് വച്ച് ഒടിഞ്ഞു. പുലർച്ചെ ഒരു മണിയോടെയാണ് കണ്ണമംഗലം വടക്ക് തേര് ക്ഷേത്രത്തിൽ എത്തിച്ചത്. ഈ സമയമത്രയും മറ്റ് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിന് സമീപത്ത് അണിനിരത്തിയിരിക്കുകയായിരുന്നു. കണ്ണമംഗലം വടക്ക് തേര് കാഴ്ചക്കണ്ടത്തിൽ അണിനിരന്നതോടെ ക്രമമനുസരിച്ച് മറ്റ് കെട്ടുകാഴ്ചകളും ദേവിയെ വണങ്ങി അണിനിരന്നു.

കെട്ടുകാഴ്കൾ വൈകിയതിനാൽ കുംഭഭരണി മഹോത്സവ സമ്മേളനം ഗ്രാന്റ് വിതരണത്തിൽ ഒതുക്കി. തുടർന്ന് ദേവി കെട്ടുകാഴ്ചകൾക്ക് മുന്നിൽ തണ്ടിൽ എഴുന്നള്ളി അനുഗ്രഹം ചൊരിഞ്ഞു. 13 കെട്ടൊരുക്കുകളും കണ്ട് അനുഗ്രഹിച്ച ശേഷം ദേവിയെ ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നള്ളിച്ചതോടെയാണ് കുംഭഭരണി മഹോത്സവത്തിന് സമാപനം കുറിച്ചത്.