അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചഭക്ഷണപ്പൊതി വിതരണം ആയിരം ദിനങ്ങൾ പിന്നിട്ടു.

'മിഴി നിറയുന്നവരുടെ വയർ എരിയാതിരിക്കാൻ ഹൃദയപൂർവ്വം' എന്ന പേരിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കൊടുക്കുന്ന പദ്ധതി 2017 ജൂൺ 3നാണ് ആരംഭിച്ചത്. ദിവസേന അയ്യായിരത്തോളം ഭക്ഷണ പൊതികളാണ് വിതരണം ചെയ്യുന്നത്. ജില്ലയിലെ 149 മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അതതു പ്രദേശത്തെ വീടുകളിൽ നിന്നു ഭക്ഷണപ്പൊതി ശേഖരിച്ച് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയാണ്. ഓരോ മേഖലാ കമ്മിറ്റിയും ഊഴമനുസരിച്ച് ചെയ്യുന്ന ഭക്ഷണ വിതരണം ഇതിനിടെ ഒരു ദിവസം പോലും മുടങ്ങിയിട്ടില്ല.

ഭക്ഷണ വിതരണവുമായി സഹകരിക്കുന്ന മേഖലാ കമ്മിറ്റികളെ അനുമോദിക്കുന്ന ചടങ്ങ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. പൊതിച്ചോർ നൽകിയ വീട്ടമ്മമാരെ അദ്ദേഹം പ്രത്യേകം അനുമോദിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവൽ അദ്ധ്യക്ഷത വഹിച്ചു. സജി ചെറിയാൻ എം.എൽ.എ, ആർ.നാസർ, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മനു സി. പുളിക്കൽ, എച്ച്.സലാം, എം.എസ്.അരുൺകുമാർ, അഡ്വ.എം.എം.അനസ് അലി, രമ്യ രമണൻ, എ. സ്വരരാജ്, അജ്മൽ ഹസൻ, അഡ്വ.ഷീബ രാകേഷ് തുടങ്ങിയവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ.ആർ.രാഹുൽ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി ജി.വേണുഗോപാൽ നന്ദിയും പറഞ്ഞു