പൂച്ചാക്കൽ: വിവാഹബന്ധം വേർപെടുത്തിയ ശേഷം ഒന്നിച്ചു താമസിക്കുകയായിരുന്ന വൃദ്ധ സഹോദരങ്ങളെ വീട്ടിൽ ഒരേ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡിൽ നികർത്തിൽ മണിച്ചൻ (69), തങ്കമ്മ (67) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ വീടിനു പുറത്തുള്ള ലൈറ്റുകൾ കത്തിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. കുറച്ചു നാളുകളായി തങ്കമ്മയെ വർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്നു. മണിച്ചൻ കൃഷിപ്പണി ചെയ്താണ് ചെലവിനുള്ള വക കണ്ടെത്തിയിരുന്നത്. മണിച്ചനും അസുഖം ബാധിച്ചതോടെ ജോലിക്ക് പോകാൻ കഴിയാതെയായി. ഇത് ഇരുവർക്കും മാനസിക പ്രശ്നമുണ്ടാക്കിയെന്ന് പഞ്ചായത്തംഗം ഷിൽജ സലിം പറഞ്ഞു. ആരുടേയും ആശ്രയമില്ലാതെ ജീവിക്കണമെന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. ആലപ്പുഴ മെഡി. ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടത്തി. മനീഷ്, മഞ്ജു എന്നിവരാണ് മണിച്ചന്റെ മക്കൾ. തങ്കമ്മയ്ക്ക് മക്കളില്ല