തുറവൂർ: വീടിനു പിന്നിൽ പ്ലാസ്റ്റിക് ചാക്കിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡ് തുറവൂർ വടക്ക് ചാലാപ്പള്ളി വീട്ടിൽ പരേതനായ ഷാജിയുടെ മകൻ ഷാരൂണിനെയാണ് (24) കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.

പത്താം വാർഡിൽ ജനമൈത്രി ബീറ്റ് നടത്തിയിരുന്ന സിവിൽ പൊലീസ് ഓഫീസർമാരായ കെ.ആർ. രതീഷിനും പി. പ്രവീണിനും കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഷാരുണിനെ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. വീടിനു പിന്നിൽ ചാക്കിൽ ഒന്നിലധികം കഞ്ചാവ് ചെടികൾ വളർത്തുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് രഹസ്യമായി കഞ്ചാവ് ചെടിയുടെ ചിത്രം പകർത്തി. ഇന്നലെ പതിവുപോലെ കഞ്ചാവ് ചെടികളെ പരിപാലിക്കുന്നതിനിടെയാണ് ഷാരുണിനെ അറസ്റ്റ് ചെയ്തത്.

വീട്ടിൽ ഇതു വരെ ഒരു കൃഷിയും ചെയ്യാത്ത ഷാരോൺ പ്ലാസ്റ്റിക് ചാക്കിനകത്തു വെച്ച ചെടിക്ക് വെള്ളമൊഴിക്കുന്നത് ശ്രദ്ധിച്ച അമ്മ എന്താണ് ചെടി എന്ന് ചോദിച്ചപ്പോൾ ജമന്തി പോലെ ഒന്നാണെന്നായിരുന്നു പറഞ്ഞിരുന്നത്. കുത്തിയതോട്ടിൽ കഞ്ചാവിന്റെ ഉപയോഗം വർദ്ധിക്കുന്നുവെന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് കുത്തിയതോട് പൊലീസ് നാളുകളായി നടത്തിയ രഹസ്യ നിരീക്ഷണത്തിന്റെ ഫലമാണ് ഷാരൂണിന്റെ അറസ്റ്റിൽ കലാശിച്ചത്. കഞ്ചാവ് ഉപയോഗിച്ചതിന് 2016ൽ ഷാരൂണിനെ കോടതി ശിക്ഷിച്ചിട്ടുണ്ട്. ഷാരൂണിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവു ലോബിക്കെത്തിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ചേർത്തല ഡിവൈ.എസ്.പി എ.ജി. ലാൽ അറിയിച്ചു.