vega-2

 വേഗ-2 ബോട്ട് സർവ്വീസ് ഈ മാസം മദ്ധ്യത്തോടെ

 ലക്ഷ്യം വിനോദസഞ്ചാരവും സാധാരണ യാത്രയും

ആലപ്പുഴ: വിനോദ സഞ്ചാരികളെയും സാധാരണ യാത്രക്കാരെയും ആകർഷിക്കും വിധം ജലഗതാഗത വകുപ്പ് രൂപകല്പന ചെയ്ത അത്യാധുനിക ലക്ഷ്വറി ബോട്ട് 'വേഗ-2' ഈ മാസം പകുതിയോടെ സർവ്വീസ് ആരംഭിക്കും. രാവിലെ വിനോദ സഞ്ചാരത്തിനും വൈകിട്ട് മറ്റ് യാത്രക്കാർക്കും വേണ്ടിയാവും വേഗയുടെ യാത്ര. യാത്രാനിരക്ക് നിശ്ചയിച്ചിട്ടില്ല.

ആലപ്പുഴ -കോട്ടയം ജലപാതവഴിയാവും സർവീസ്. രണ്ടു കോടി ചെലവിൽ അരൂരിലെ ട്രാഗാ മറൈൻ എന്ന സ്വകാര്യ കമ്പനിയാണ് 120 സീറ്റുള്ള ബോട്ട് ജലഗതാഗത വകുപ്പിന് നിർമ്മിച്ച് നൽകിയത്. ബോട്ടിന്റെ ഒരു ഭാഗം ശീതീകരിച്ചതാണ്. കഴിഞ്ഞ വർഷമാണ് നിർമ്മാണം തുടങ്ങിയത്. വിനോദ സഞ്ചാരം പ്രധാന ലക്ഷ്യമാക്കി സർവ്വീസ് നടത്തുന്ന 'സീ കുട്ടനാട്' ബോട്ട് വിജയകരമായതോടെയാണ് പുതിയ പരീക്ഷണങ്ങൾ നടത്താൻ ജലഗതാഗത വകുപ്പിന് ആത്മവിശ്വാസമുണ്ടായത്. നിലവിൽ വിനോദസഞ്ചാര മേഖലയെ ഉൾപ്പെടുത്തി 5 സർവീസുകളുണ്ട്.

സാധാരണ ബോട്ടിനേക്കാൾ 12 നോട്ടിക്കൽ മൈൽ വേഗത്തിൽ വേഗയ്ക്ക് സഞ്ചരിക്കാൻ കഴിയും. ഒന്നര മണിക്കൂറാണ് കോട്ടയത്തേക്കുള്ള സമയ ദൈർഘ്യം. ബസ് യാത്രയിലും ഇത്രതന്നെ സമയം വേണം. മുൻകൂർ ബുക്കിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.

..................................................

 ₹ 2 കോടി: വേഗ ബോട്ടിന്റെ നിർമ്മാണ ചെലവ്

...............................................

 തുടക്കം രാവിലെ

ആലപ്പുഴയിൽ നിന്ന് രാവിലെ 10 ന് സർവീസ് ആരംഭിക്കുന്ന ബോട്ട് പുന്നമട വഴി തണ്ണീർമുക്കം, കുമരകം പക്ഷി സങ്കേതം, പാതിരാമണൽ എന്നിവിടങ്ങളിൽ സഞ്ചാരികളെ എത്തിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ കുമരകത്ത് യാത്ര അവസാനിപ്പിക്കും. തുടർന്ന് രണ്ട് മണിയോടെ ആലപ്പുഴയിലേക്ക് യാത്ര തുടങ്ങും. വൈകിട്ട് 5.45 ന് ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്ക് പാസഞ്ചേഴ്സ് സർവീസും നടത്തും.

...............................

 നാടൻ രുചിക്കാം

കുടുംബശ്രീയുടെ നേതൃത്വത്തിൽ മിതമായ നിരക്കിൽ യാത്രക്കാർക്ക് നാടൻ ഉച്ചഭക്ഷണവും ലഘുഭക്ഷണവും ബോട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. കായൽ വിഭവങ്ങളായ കരിമീൻ, ആറ്റുകൊഞ്ച് എന്നിവയാണ് പ്രധാന ഇനങ്ങളായി ലഭിക്കുന്നത്. ഭക്ഷണത്തിന് പ്രത്യേക നിരക്ക് ഏർപ്പെടുത്തും.

...............................

 ബോട്ടിന്റെ വീതി: 7.30

 നീളംം: 22 മീറ്റർ

 സീറ്റുകൾ: 120

 യാത്രാ സമയം: 1.30 മണിക്കൂർ

................................................

'സർവീസ് ആരംഭിക്കുന്നതിന്റെ തീയതി ഇന്നോ നാളെയോ നിശ്ചയിക്കും. യാത്രാനിരക്ക് സർക്കാ‌ർ നടപടിക്രമങ്ങളിലാണ്. ശീതീകരിച്ച ഭാഗത്തും മറ്റിടത്തും രണ്ടുതരം നിരക്കായിരിക്കും'

(ഷാജി ബി.നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ)