dty

ഹരിപ്പാട്: മലേഷ്യയിൽ ബാർബർ ജോലിക്കെത്തിയ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയെ, ശമ്പളം കൊടുക്കാതെ കുടുക്കിയ തൊഴിലുടമ ദേഹമാസകലം പൊള്ളലേല്പിച്ചു. പള്ളിപ്പാട് വാലേത്ത് വീട്ടിൽ ഹരിദാസനാണ് (45) പീഡനത്തിന് ഇരയായത്. പൊള്ളലേറ്റ നിലയിൽ ഹരിദാസൻ കിടക്കുന്ന ചിത്രങ്ങൾ സുഹൃത്തുക്കൾ വഴി ലഭിച്ചപ്പോഴാണ് കുടുംബാംഗങ്ങൾ വിവരമറിയുന്നത്. ജില്ലാ പൊലീസ് മേധാവിക്കും നോർക്കയിലും കുടുംബം പരാതി നൽകി.

30,000 രൂപ മാസ ശമ്പളം പറഞ്ഞ് ചിങ്ങോലിയിലുള്ള ഒരു ഏജന്റാണ് നാല് വർഷം മുമ്പ് ഹരിദാസനെ മലേഷ്യയിലേക്ക് കൊണ്ടുപോയത്. എന്നാൽ മൂന്ന് മാസം കൂടുമ്പോഴാണ് ശമ്പളം ലഭിച്ചിരുന്നത്. അതും, പറഞ്ഞതിന്റെ പകുതി മാത്രം. മുമ്പ് ആറ് മാസം കൂടുമ്പോൾ നാട്ടിലേക്ക് പണം അയച്ചിരുന്നു. കുടുംബവുമായി ഫോണിലൂടെ സംസാരിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് അവസ്ഥ മാറി. ശമ്പളം കിട്ടുന്നില്ലെന്നും തൊഴിലുടമ ക്രൂര മർദ്ദനത്തിന് ഇടയാക്കുന്നെന്നും ഹരിദാസൻ കഴിഞ്ഞ ദിവസം ഭാര്യ രാജശ്രീയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ചിത്രങ്ങൾ ലഭിച്ചത്. ഇരുമ്പ് കമ്പി പഴുപ്പിച്ച് പൊള്ളലേൽപ്പിച്ചെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഏഴ് മാസത്തെ ശമ്പളം ലഭിക്കാനുണ്ട്.

ഫോൺ വിളിക്കാനോ പുറത്തിറങ്ങാനോ ഇപ്പോൾ അനുവദിക്കുന്നില്ലെന്ന് രാജശ്രീ പറയുന്നു. പാസ്പോർട്ട് അടക്കം രേഖകൾ തൊഴിലുടമയുടെ പക്കലാണ്. രണ്ട് പെൺ മക്കൾ ഇവർക്കുണ്ട്.