വിരഗുളിക കഴിക്കാത്ത കുട്ടികൾക്ക് ഇന്നു നൽകണം
ആലപ്പുഴ: വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക ജില്ലയിൽ ഒന്നു മുതൽ 19 വയസുവരെയുളള 2.92 ലക്ഷം കുട്ടികൾക്ക് നൽകിയതായി ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു.
ഗുളിക നൽകാൻ സാധിക്കാത്ത കുട്ടികൾക്ക് സമ്പൂർണ വിരവിമുക്ത ദിനമായ ഇന്ന് ഗുളിക നൽകണം. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലൂടെയാണ് ഗുളിക നൽകുന്നത്. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ മേൽനോട്ടത്തിൽ അദ്ധ്യാപകർ, അങ്കണവാടി വർക്കർമാർ എന്നിവരാണ് ഗുളിക നൽകുന്നത്. ഒന്നു മുതൽ രണ്ടു വയസുവരെയുളള കുട്ടികൾക്ക് പകുതിഗുളിക (200 മി.ഗ്രാം) ഒരു ടേബിൾസ്പൂൺ തിളപ്പിച്ചാറിയ വെളളത്തിൽ അലിയിച്ച് കൊടുക്കണം. രണ്ട് മുതൽ 19 വയസുവരെയുളള കുട്ടികൾ ഒരുഗുളിക (400 മി.ഗ്രാം) ഉച്ചഭക്ഷണത്തിനു ശേഷം തിളപ്പിച്ചാറിയ വെളളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം.
മണ്ണിൽകളിക്കുന്നതിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും നല്ലവണ്ണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികൾ, പഴങ്ങൾ എന്നിവയിലൂടെയും വിരകൾ ശരീരത്തിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികളിൽ വിളർച്ചയ്ക്കും പോഷണക്കുറവിനും തളർച്ച, വിശപ്പില്ലായ്മ എന്നിവയ്ക്കും വഴിയൊരുക്കും. ഇത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കാൻ ആറു മാസത്തിലൊരിക്കൽ വിരമരുന്ന് നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ജില്ല മെഡിക്കൽ ഓഫീസ് വ്യക്തമാക്കി.