ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി. 143 കുടുംബങ്ങൾക്കാണ് സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ 100 തൊഴിൽ ദിനങ്ങൾ നൽകിയത്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ 27 കുടുംബങ്ങൾക്കും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ 67 കുടുംബങ്ങൾക്കും പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ 62 കുടുംബങ്ങൾക്കും പുറക്കാട് ഗ്രാമപഞ്ചായത്തിൽ 40 കുടുംബങ്ങൾക്കുമാണ് ഇതുവരെ 100 തൊഴിൽ ദിനം ലഭിച്ചത്.
ശരാശരി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിലും പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഒന്നാമതാണ്. 130000 തൊഴിൽ ദിനങ്ങളാണ് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൽ ഇതുവരെ സൃഷ്ടിച്ചത്.പദ്ധതിയുടെ ഭാഗമായി കോഴിക്കൂട് നിർമാണം, പശു തൊഴുത്ത് നിർമാണം, എയറോബിക് കമ്പോസ്റ്റ് പിറ്റ്, തോടിന് ആഴം കൂട്ടൽ, ഭൂവസ്ത്രം വിരിക്കൽ, റോഡ് നിർമാണം, കൃഷി തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യം നേടിക്കൊണ്ടിരിക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ.