ആലപ്പുഴ: വിഷരഹിത പച്ചക്കറി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന പദ്ധതിയുടെ അരൂർ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ദലീമ ജോജോ നിർവഹിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കറിവേപ്പില, ചീര, പപ്പായ തുടങ്ങിയവയുടെ തൈകളും വിതരണം ചെയ്തു.
സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം എന്ന ലക്ഷ്യം മുൻനിർത്തി വിവിധങ്ങളായ പദ്ധതികളാണ് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്നത്. എല്ലാ വീട്ടിലും കറിവേപ്പില, മുരിങ്ങ, പപ്പായ, ചീര, വാഴ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുകയും പരമ്പരാഗത വിത്തിനങ്ങൾ തെരഞ്ഞെടുത്തു പ്രചരിപ്പിക്കുകയും ചെയ്യുന്നു. സ്‌കൂളുകൾ, അങ്കണവാടികൾ, പൊതു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമായ എല്ലാ സ്ഥലങ്ങളിലും പച്ചക്കറിക്കൃഷി വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ അദ്ധ്യക്ഷത വഹിച്ചു. കർഷകർക്കായി നടത്തിയ പരിശീലന ക്ലാസിന് കാക്കനാട് സി.ഐ.പി.എം.സി പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ എലിസബത്ത് ജയ തോമസ് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. നന്ദകുമാർ,അംഗങ്ങളായ ഷീന അരവിന്ദൻ, സി.കെ. പുഷ്പൻ, കൃഷി ഓഫീസർ ആനി പി. വർഗീസ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.