ആലപ്പുഴ: സപ്ളൈകോയ്ക്ക് വേണ്ടി ആലപ്പുഴയിലെ ദേശീയ ഭക്ഷ്യഭദ്റതാ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 162 ടൺ അരി കാണാതായ സംഭവത്തിൽ ഭക്ഷ്യകമ്മിഷൻ 11 പേരിൽ നിന്ന് ഇന്നലെ തെളിവെടുത്തു. ഗോഡൗൺ പുതുക്കിപ്പണിയാനായി രണ്ട് സ്വകാര്യ ഗോഡൗണുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ മാറ്റിയ സമയത്ത് തിരിമറി നടന്നതായി സംശയമുണ്ടെന്ന് തൊഴിലാളി യൂണിയൻ പ്രതിനിധികൾ കമ്മിഷൻ ചെയർമാൻ കെ.വി. മോഹൻകുമാറിന് മൊഴി നൽകി. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനാണ് കമ്മിഷന്റെ തീരുമാനം.
അറ്റകുറ്റപ്പണി നടത്തുന്ന ഗോഡൗണിലേക്ക് മാറ്റിയ ഭക്ഷ്യധാന്യങ്ങളുടെ അളവും അവിടെ സ്വീകരിച്ച ഭക്ഷ്യധാന്യത്തിന്റെ വിശദാംശങ്ങളും ഹാജരാക്കാൻ സപ്ലൈകോ ഡിപ്പോ മാനേജർക്ക് കമ്മിഷൻ നിർദേശം നൽകി. ഈമാസം ആദ്യ ആഴ്ച ഈ രേഖകൾ സമർപ്പിക്കണം. ഭക്ഷ്യധാന്യം മാറ്റിയ കരാറുകാരനെക്കുറിച്ചും യൂണിയൻ പ്രതിനിധികളിൽ ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ഗോഡൗണിൽ വർഷങ്ങളായി സ്റ്റോക്ക് പരിശോധന നടത്താത്തത് ഡിപ്പോ മാനേജർമാരുടെയും ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും വീഴ്ചയാണെന്ന് കമ്മിഷൻ കണ്ടെത്തി. സ്റ്റോക്ക് പരിശോധനയില്ലെങ്കിലും ഓരോ വർഷവും സ്റ്റോക്ക് പരിശോധിച്ചതായി രേഖകളുണ്ടാക്കുകയും ചെയ്തു. അതിനാൽ ഈ കാലയളവിലുള്ള ഉദ്യോഗസ്ഥർക്ക് അരി കാണാതായ സംഭവത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഈ മാസം ഒൻപതിന് സ്റ്റോക്ക് പരിശോധന നടത്തിയതിന്റെ മുഴുവൻ രേഖകളും ഹാജരാക്കാൻ ഡിപ്പോ മാനേജർക്ക് നിർദ്ദേശം നൽകി. ഗുരുതര ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയാൽ കേസ് പൊലീസിന് കൈമാറുന്നതു സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും മാദ്ധ്യമ പ്രവർത്തകരോട് കമ്മിഷൻ വ്യക്തമാക്കി.
റേഷൻ വ്യാപാരികൾ, റേഷൻ സംഘടനാ പ്രതിനിധികൾ, റേഷൻ എംപ്ലോയീസ് പ്രതിനിധികൾ, തൊഴിലാളികളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, കരാറുകാർ തുടങ്ങിയവരിൽ നിന്നാണ് മൊഴിയെടുത്തത്. ആലപ്പുഴയിലെ ഗോഡൗണിൽ നേരിട്ടെത്തിയായിരുന്നു കമ്മിഷന്റെ തെളിവെടുപ്പ്. കമ്മിഷൻ അംഗങ്ങളായ ബി. രാജേന്ദ്രൻ, എം. വിജയലക്ഷ്മി തുടങ്ങിയവരും തെളിവെടുപ്പിനുണ്ടായിരുന്നു.