വള്ളികുന്നം : ഡ്രൈ ഡേയിൽ ചാരായത്തിൽ എസൻസും കളറും ചേർത്ത് വില്പന നടത്തിവന്നയാളെ എക്സൈസ് പിടികൂടി. വള്ളികുന്നം ഗാനാ ഭവനത്തിൻ ലക്ഷ്മണൻ (59) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് . ഒരു ലിറ്റർ ചാരായത്തിന് ആയിരം രൂപ നിരക്കിലാണ് ഇയാൾ ആവശ്യക്കാർക്ക് വിറ്റിരുന്നത്.

ബാറുകൾക്കും മദ്യഷാപ്പുകൾക്കും അവധിയായ ദിവസങ്ങളിലായിരുന്നു വില്പന കൊഴുത്തിരുന്നത്. തൊട്ടടുത്ത ജില്ലയിൽ നിന്ന് പോലും ഈ ദിവസങ്ങളിൽ അവശ്യക്കാർ ലക്ഷ്മണനെത്തേടി എത്താറുണ്ടെന്ന് എക്സൈസ് പറഞ്ഞു. പരിചയമില്ലാത്തവർക്ക് നേരിട്ട് ചാരായം നൽകില്ല. എക്സൈസ് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ബൈക്കുകളിൽ ആളുകളെ വിവിധ സ്ഥലങ്ങളിൽ നിറുത്തിയശേഷമാണ് വീട്ടിൽ മദ്യം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. കഴിഞ്ഞ ദിവസം തന്ത്രപൂർവം എത്തിയ എക്സൈസിനെ കണ്ട്, നിറം ചേർത്ത ചാരായവുമായി രക്ഷപെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. മുമ്പും അബ്കാരി കേസുകളിൽ ജയിൽ ശിക്ഷ അനുഭിച്ചിട്ടുളളയാളാണ് ലക്ഷ്മണൻ. കുറെ നാളുകളായി ഇയാളുടെ വീടും പരിസരവും എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഷുക്കൂർ, സന്തോഷ് കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ്, സിനുലാൽ, ശ്യാംജി. വരുൺ ദേവ് എന്നിവർ പങ്കെടുത്തു.