ആലപ്പുഴ:കാൻസർ രോഗമില്ലാതിരുന്നിട്ടും കീമോ തെറാപ്പിക്ക് വിധേയയാവേണ്ടി വന്ന നൂറനാട് സ്വദേശി രജനിക്ക് കൂടുതൽ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് സർക്കാരിന്റെ അഭിപ്രായം നാലാഴ്ചയ്ക്കകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു രജനിക്ക് നൽകിയ 3 ലക്ഷം രൂപ അപര്യാപ്തമാണെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിൽ പറയുന്നു.

രജനി നിർദ്ധന കുടുംബാംഗമാണ്. എട്ടുവയസുള്ള കുട്ടിയും വൃദ്ധരായ മാതാപിതാക്കളും രജനിയുടെ സംരക്ഷണത്തിലാണ്. കാൻസർ രോഗിയാണെന്ന് അറിഞ്ഞപ്പോൾ, ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. കേസ് 16 ന് മാവേലിക്കര റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകരായ പി.കെ. രാജു,ഡോ. ഗിന്നസ് മാടസ്വാമി,ഡോ. ജി.സാമുവേൽ എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മൂന്ന് വിദഗ്ദ്ധഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് രജനിയെ ചികിത്സിച്ചപ്പോൾ, നേരത്തെ രോഗ നിരീക്ഷണം നടത്തിയ ഡോക്ടർമാരുടെ ഭാഗത്ത് ഗുരുതര പിഴവ് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.