photo

ആലപ്പുഴ: സി.പി.എം ആലപ്പുഴ ഏരിയ മുൻ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ആലപ്പുഴ കരളകം വാർഡ് തോട്ടാത്തോട് കനിവ് വീട്ടിൽ പി.കെ.സോമൻ (71) നിര്യാതനായി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്, ഹോട്ടൽ ഷോപ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗവും മദ്യവ്യവസായി തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റും ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് യൂണിയൻ ജില്ലാ പ്രസിഡന്റുമാണ്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ ഗിരിജ.

പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടേറിയറ്റംഗം പി.പി. ചിത്തരഞ്ജൻ, ഏരിയ സെക്രട്ടറി വി.ബി.അശോകൻ എന്നിവർ ചേർന്ന് മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു. ആലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിനുവേണ്ടി മാരാരിക്കുളം ഏരിയ സെക്രട്ടറി കെ.ഡി.മഹീന്ദ്രനും മന്ത്രി ജി.സുധാകരന് വേണ്ടി മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജനും പുഷ്പചക്രം അർപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സജി ചെറിയാൻ എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ആലപ്പുഴ നഗരസഭാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ, കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു, കേരള സ്റ്റേറ്റ് കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ അഡ്വ. കെ.പ്രസാദ്, ആലപ്പുഴ നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷരായ ബഷീർ കോയാപറമ്പിൽ, അഡ്വ. മനോജ്കുമാർ, മോളി ജേക്കബ്, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഡി.ലക്ഷ്മണൻ, സെക്രട്ടറി വി.എൻ.വിജയകുമാർ, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് കെ.എൻ.പ്രേമാനന്ദൻ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്.സലാം, സെക്രട്ടറി പി.ഗാനകുമാർ, വനിതാസാഹിതി ജില്ലാ സെക്രട്ടറി പ്രൊഫ. ബിച്ചു എക്സ് . മലയിൽ, പി.വി സത്യനേശൻ, പി.എസ്.എം.ഹുസൈൻ തുടങ്ങി നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു.
അനുശോചനയോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.പി. ചിത്തരഞ്ജൻ അദ്ധ്യക്ഷനായി.