ആലപ്പുഴ: പരീക്ഷയിൽ മാർക്കു കുറഞ്ഞതിന്റെ മനോവിഷമത്തിലായിരുന്ന ഒമ്പതാംക്ലാസ് വിദ്യാർത്ഥിയെ കാണാതായി. കെ.എസ്.ആർ.ടി.സി ഡ്രൈവർ ആലപ്പുഴ അവലൂക്കുന്ന് സി.എസ്. ഗോപന്റെ മകൻ അപ്പുവിനെയാണ് (14) ഇന്നലെ രാവിലെ 10.30 മുതൽ കാണാതായത്. ഒമ്പതാംക്ലാസ് മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് കുട്ടിയുടെ രക്ഷിതാവിനെ സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നെന്നും നന്നായി പഠിക്കണമെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും അറിയിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു. അച്ഛനും അമ്മയും ജോലിക്ക് പോയശേഷം അപ്പുവും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മൂമ്മ ബാങ്കിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് അപ്പുവിനെ കാണാനില്ലെന്ന് അറിയുന്നത്. വൈകുന്നേരമായിട്ടും മടങ്ങിവരാതായതോടെ ബന്ധുക്കൾ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകി.