ഹരിപ്പാട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട. ഹെഡ്മിസ്ട്രസിനെ രാത്രിയിൽ തെരുവ് നായ കടിച്ചു കൊന്നു. ആരൂർ എൽ.പി സ്കൂളിൽ നിന്നു വിരമിച്ച ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാജമ്മയാണ് (87) ദാരുണമായി മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.

കൂട്ടുകിടക്കാനായി എത്തുന്ന അയൽക്കാരി നളിനി എത്തി വിളിച്ചിട്ടും കാണാത്തതിനെ തുടർന്ന് സമീപവാസിയായ ഗോപാലനെയും കൂട്ടി പരിസരത്ത് തെരഞ്ഞപ്പോഴാണ് ബോധരഹിതയായി കണ്ടത്. കരിയിലയ്ക്ക് തീയിടാനുള്ള ശ്രമത്തിനിടെയായിരുന്നു നായയുടെ ആക്രമണമെന്നാണ് നിഗമനം. തലയുടെ പിൻ ഭാഗത്തും കൈയിലും ആഴത്തിൽ കടിയേറ്റിട്ടുണ്ട്. ഇവരുടെ പുരയിടം കഴിഞ്ഞു ഏറെ ദൂരെയാണ് മറ്റു വീടുകൾ.

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ശ്രീകുമാർ, സന്ധ്യ, മിനി. മരുമക്കൾ: ചന്ദ്രമോഹന ബാബു, മോഹൻ കുമാർ, അനിത. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.