കുട്ടനാട്: പ്രളയത്തെ തുടർന്ന് റീ ബിൽഡ് പദ്ധതിയിൽപ്പെടുത്തി വെളിയനാട് പഞ്ചായത്തിന് അനുവദിച്ച
തുകയിൽ ഭൂരിഭാഗവും വക മാറ്റി ചെലവഴിക്കാനുള്ള ഭരണസമിതിയുടെ നീക്കം ഹൈക്കോടതി സ്റ്റേചെയ്തു. പ്രതിപക്ഷ മെമ്പർമാർ ഹൈക്കോടതിക്ക് നൽകിയ പരാതിയെത്തുടർന്നായിരുന്നു എല്ലാ പദ്ധതികളും സ്റ്റേ ചെയ്തത്. ഇതോടെ പഞ്ചായത്തിൽ പ്രളയവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ത്രി​ശങ്കുവി​ലായി​.

പതിനാറ് ലക്ഷം രൂപയാണ് പദ്ധതി പ്രകാരം സർക്കാർ അനുവദിച്ചിരുന്നത്.
ഏഴര ലക്ഷം മാത്രമാണ് അർഹരായവർക്ക് ജീവനോപാധികൾ നൽകാൻ നീക്കിവെച്ചത്. ബാക്കി തുക സി.പി.എം അംഗങ്ങളുടെ വാർഡുകളിൽ ചെലവഴിക്കാൻ ഭരണസമിതി ശ്രമി​ക്കുന്നുവെന്നായി​രുന്നു ആരോപണം. ഇതിനെതിരെ യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും അംഗങ്ങൾ ചേർന്നു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സാബു തോട്ടുങ്കൽ, ശോഭന സുകുമാരൻ, വൽസമ്മ പൂലിക്കൂട്ടിൽ, എസ് കമലമ്മ, അംഗങ്ങളായ ടി​.വി. ബിജു, കനകമ്മ ചെമ്മരപ്പള്ളി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. പദ്ധതി സ്റ്റേചെയ്ത ഹൈക്കോടതി നാല് ആഴ്ചയ്ക്കകം ഇത് സംമ്പന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ
പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
തുടർന്ന്.പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ പദ്ധതിയി​ലെ എല്ലാ ടെൻഡർ നടപടികളും നിറുത്തിവച്ചു. വി​ഷയവുമായി​ ബന്ധപ്പെട്ട് പ്രതി​പക്ഷാംഗങ്ങൾ പഞ്ചായത്ത് ഓഫീസി​നു മുന്നി​ൽ സമരം നടത്തി​യി​രുന്നു.