ambala
ക്ഷേത്രത്തിൽ ഷെരിഫും ഭാര്യയും അന്നം വിളമ്പുന്നു

അമ്പലപ്പുഴ:ക്ഷേത്രോത്സവത്തിനു കൊടിയുയർന്നപ്പോൾ ആദ്യദിന അന്നദാനം ഷെരീഫിന്റെ വക. ഉമ്മ മരിച്ച് മൂന്നു വർഷം പിന്നിട്ടതിന്റെ ഓർമ്മദിനത്തിന്റെ ഭാഗമായി തകഴി പഞ്ചായത്ത് 12-ാം വാർഡ് വടക്കേ കോയ്പ്പുറം മുഹമ്മദ് കുഞ്ഞിന്റെ മകൻ എം.എം. ഷെരീഫാണ് തകഴി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റു ദിനത്തിൽ അന്നദാനം നടത്തിയത്.

ഇസ്ലാം മത വിശ്വാസ പ്രകാരം നിസ്കാരം ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. എന്നാൽ ഭക്ഷണം നൽകുന്നതിനേക്കാൾ വലിയ പുണ്യം വേറെയില്ലന്ന് ഉമ്മ ജമീലയും ഷെരീഫിനെ പഠിപ്പിച്ചിരുന്നു. ജമീലയുടെ ഓർമ്മ ദിവസങ്ങളിൽ വൃദ്ധമന്ദിരങ്ങളിൽ ഭക്ഷണം നൽകിയിരുന്നു. എന്നാൽ ഇത്തവണ ഉത്സവത്തിന്റെ ഭാഗമായി അന്നദാനം നടത്താമെന്ന് ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു. പുറമെ നിന്ന് ചില എതിർപ്പുകളുണ്ടായെങ്കിലും ക്ഷേത്രം ഭരണ സമിതി സമ്മതമറിയിച്ചതോടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഷെരീഫും ഭാര്യ ബീന ഷെരീഫും ചേർന്ന് ക്ഷേത്രത്തിലെത്തി ഭക്ഷണം വിളമ്പി നൽകുകയായിരുന്നു. സി.പി. എം തകഴി ലോക്കൽ കമ്മിറ്റിയംഗമാണ് ഷെരീഫ്. വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ പ്രസിഡന്റും, പുരോഗമന കലാ സാഹിത്യ സംഘം മേഖലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.