 പ്രതിദിനം നൽകുന്നത് 35,000 രൂപ മൂല്യമുള്ള ഭക്ഷണം

ആലപ്പുഴ: കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിലെ വലിയൊരു ആശയത്തിന് അടിസ്ഥാനമിട്ട, പാതിരപ്പള്ളിയിലെ 'സ്നേഹജാലകം' ജനകീയഭക്ഷണശാല മൂന്നാം വയസിലേക്ക് കടന്നു. അഞ്ചു ലക്ഷം ഊണുകളാണ് ഇത്രയും നാളിനുള്ളിൽ തികച്ചും സൗജന്യമായി ഇവിടെ വിളമ്പി പാവങ്ങളുടെയും കൗതുകം കൊണ്ട് കയറുന്നവരുടെയും വിശപ്പകറ്റിയത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 25 രൂപയ്ക്ക് ഭക്ഷണം നൽകുന്ന 1000 ഭക്ഷണ ശാല എന്ന മന്ത്രി തോമസ് ഐസക്കിന്റെ ബഡ്ജറ്റ് പ്രഖ്യാപനം പാതിരപ്പള്ളിയിലെ ഈ ജനകീയ ഭക്ഷണ ശാലയിൽ പാകമായതാണ്. ഇവിടത്തെ പ്രവർത്തനം നേരട്ടറിയാവുന്നതു കൊണ്ടാണ് തന്റെ ബഡ്ജറ്റ് പ്രസംഗത്തിൽ മന്ത്രി സംസ്ഥാനത്ത് കുടുംബശ്രീ ഭക്ഷണ ശാലകൾ തുടങ്ങുമെന്ന പ്രഖ്യാപനം നടത്തിയത്.

കൗണ്ടറും കാഷ്യറുമില്ലാത്ത സ്നേഹജാലകത്തിൽ പ്രതിദിനം 700 പേർക്കാണ് മീൻകറിയോടുകൂടിയ ഭക്ഷണം വിളമ്പുന്നത്. ഇതിന് കുറഞ്ഞത് 50 രൂപ നിരക്ക് നിശ്ചയിച്ചാൽ പ്രതിദിനം 35,000 രൂപയുടെ ഭക്ഷണം ഇവിടെ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ ഇവിടെ സൂക്ഷിച്ചിരിക്കുന്ന ചാരിറ്റി ബോക്സിൽ നിന്ന് ശരാശരി 10,000 രൂപയാണ് ലഭിക്കുന്ന വരുമാനം.

2017 ജനുവരി 29ന് നടന്ന, സ്‌നേഹജാലകത്തിന്റെ ഏഴാമത് വർഷിക സമ്മേളനമാണ് പണമിടപാടില്ലാത്ത ഭക്ഷണശാലയുടെ തുടക്കത്തിന് കാരണമായത്. മന്ത്രി മുന്നോട്ടുവച്ച ആശയം സമ്മേളനം ചർച്ച ചെയ്തു. അടുത്ത ദിവസം മുതൽ സ്‌നേഹജാലകത്തിലെ ഒരംഗത്തിന്റെ വീട്ടിൽ ഭക്ഷണം പാചകം ചെയ്ത്, തീരെ ദരിദ്രമായ ഏഴ് കുടുംബങ്ങളെ കണ്ടെത്തി അവരുടെ വീടുകളിലെത്തിച്ച് ആദ്യ ചുവടുവയ്പ് നടത്തി. ദിനംപ്രതി ആവശ്യക്കാരുടെ എണ്ണം കൂടി വന്നതോടെ ഒരു പൊതുഭക്ഷണശാല എന്ന ആശയം ഉയർന്നു. 2018 മാർച്ച് 3ന് പാതിരപ്പള്ളിയിൽ ദേശീയപാതയോരത്ത് തോമസ് ഐസക്കിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റീം കിച്ചണും വിപുലവും ശാസ്ത്രീയവുമായ മാലിന്യ സംസ്‌കരണ സംവിധാനവും ഒരുക്കി ജനകീയ ഭക്ഷണശാലയ്ക്ക് തുടക്കം കുറിച്ചു. സ്നേഹജാലകത്തിൽ കാഷ്യറോ, ബില്ലോ ഇല്ല. ഓരോരുത്തർക്കും അവരവരുടെ ശേഷിക്കൊത്ത വിധം ചാരിറ്റി ബോക്സിൽ പണം നിക്ഷേപിക്കാം.

ജയൻ തോമസ് പ്രസിഡന്റും സജിത്ത് രാജ് സെക്രട്ടറിയുമായ സ്‌നേഹജാലകം കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പി.എം.ഷാജിയാണ് ഭക്ഷണശാലയുടെ നടത്തിപ്പിനായുള്ള സബ് കമ്മിറ്റി കൺവീനർ.

# വരവ് പലവഴി

വിവാഹം, ജന്മദിനങ്ങൾ, പ്രിയപ്പെട്ടവരുടെ സ്മരണ ദിനങ്ങൾ എന്നിവയ്ക്ക് സ്‌നേഹജാലകം ഭക്ഷണ ശാലയിൽ സ്‌പോൺസർഷിപ്പ് നടത്തുന്നവരുടെ എണ്ണം ഏറിവരുന്നു. 50 പേരുടെ ഭക്ഷണത്തിന് 1000 രൂപയാണ് സ്പോൺസർമാരിൽ നിന്ന് ഈടാക്കുന്നത്. സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന പണമാണ് ഭക്ഷണശാലയെ നിലനിറുത്തുന്നത്. ഇതിനു പുറമേ കാറ്ററിംഗ് സർവീസിലൂടെ ലഭിക്കുന്ന വരുമാനവും കരുത്ത് പകരുന്നു.

...............................................

രണ്ട് വർഷത്തെ കണക്ക്

 പ്രതിദിനം ഊണ് 700 പേർക്ക്

(രണ്ട് വർഷം ആകെ വിതരണം ചെയ്ത ഊണ്: 5.11 ലക്ഷം)

 ആകെ ലഭിച്ച തുക: 2.18കോടി

 ചെലവായ തുക: 2.28 കോടി

 നഷ്ടം: 10 ലക്ഷം

...........................................

# വിഭവങ്ങൾ

 രാവിലെ 7മുതൽ 11വരെ: ഉപ്പുമാവ്,പഴം, ഇഡലി,സാമ്പാർ, ചമ്മന്തി

 ഉച്ചക്ക് 12 മുതൽ 2.30 വരെ: മീൻകറിയോടു കൂടിയ ഊണ് 700 പേർക്ക്

 വൈകിട്ട് 3മുതൽ 6വരെ: ലഘു കടിയോടെ ചായ

 രാത്രി 7മുതൽ 9.30വരെ: കഞ്ഞി,പയർ, തോരൻ