ഗർഡറുകളുടെ ബോൾട്ടുകൾക്ക് ലേശം വലിപ്പമുണ്ടത്രെ!
ആലപ്പുഴ:പ്രതിബന്ധമായി നിന്നിരുന്ന രണ്ട് റെയിൽവെ മേൽപ്പാലങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർത്ത് ആലപ്പുഴ ബൈപാസ് ഏപ്രിൽ മാസത്തിൽ ഗതാഗതത്തിന് തുറന്നു കൊടുക്കാനുള്ള നടപടികൾക്ക് വീണ്ടും റെയിൽവെ വക പാര. കുതിരപ്പന്തിയിലെ മേൽപ്പാലത്തിന്റെ ഗർഡറുകളുടെ ബോൾട്ടുകൾക്ക് റെയിൽവെ നിർദ്ദേശിച്ചതിനെക്കാൾ കൂടുതൽ വ്യാസമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.റെയിൽവെ ബോർഡിന്റെ രേഖാമൂലമുള്ള അനുമതി ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാനുമാവില്ല.
മാളിക മുക്കിലെ ഒന്നാം മേൽപ്പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന സമയത്തും ചില സാങ്കേതിക തടസങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ റെയിൽവെ നിർമ്മാണ വിഭാഗവും പാലം പണിക്ക് മേൽനോട്ടം വഹിക്കുന്ന പൊതുമരാമത്ത് ദേശീയപാത വിഭാഗവും നടത്തിയ സംയുക്ത ചർച്ചകളിലൂടെയാണ് പ്രശ്നം പരിഹരിച്ച് പണി തുടങ്ങിയത്. ഒന്നാം മേൽപ്പാലത്തിന്റെ പണി ഏറെക്കുറെ പൂർത്തിയാവാറായി.രണ്ടാം പാലത്തിന്റെ കാര്യത്തിൽ എന്തു തരത്തിലുള്ള വ്യത്യാസങ്ങളാണ് ഉള്ളതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉന്നതോദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും സംസ്ഥാന പൊതുമരാമത്ത് വകുപ്പും സംയുക്തമായാണ് നിർമ്മാണ ജോലികൾ നടത്തുന്നത്.
പ്രാരംഭ പരിശോധനാ വേളയിൽ റെയിൽവെ ചില സാങ്കേതിക തടസങ്ങൾ ഉന്നയിച്ചെങ്കിലും റെയിൽവെ ബോർഡ് ചീഫ് എൻജിനിയറുമായും നിർമ്മാണ വിഭാഗവുമായും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ചർച്ച നടത്തി തടസങ്ങൾ നീക്കാൻ ശ്രമിച്ചിരുന്നു. എ.എം.ആരിഫ് എം.പിയും റെയിൽവെ ബോർഡ് അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. ഇവിടത്തെ നിർമ്മാണ ജോലികൾക്ക് മേൽനോട്ടം വഹിക്കുന്ന എൻജിനിയർമാർ ചെറിയ ചില തിരുത്തലുകൾ നിർദ്ദേശിച്ച് പണി തുടരാമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരാണ് തടസമുന്നയിച്ചത്.
ഉടൻ പുനരാരംഭിക്കും: എ.എം.ആരിഫ് എം.പി
ബൈപ്പാസിന്റെ ഭാഗമായി കുതിരപ്പന്തിയിലെ മേൽപാലത്തിലെ ഹൈടെൻഷൻ ബോൾട്ടുകളുടെ പ്രശ്നം ഉടൻ തന്നെ പരിഹരിക്കാൻ നടപടി കൈക്കൊള്ളുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് ഉറപ്പു നൽകിയതായി എ.എം ആരിഫ് എം.പി അറിയിച്ചു. ബോൾട്ടുകളുടെ വ്യാസം റെയിൽവേ നിർദ്ദേശിച്ചതിനെക്കാൾ കൂടുതൽ എന്ന് പറഞ്ഞാണ് മേൽപ്പാല നിർമ്മാണം നിറുത്തിവച്ചത്. ബോൾട്ടിന്റെ വ്യാസം കൂടിയാലും സാങ്കേതിക പ്രശ്‌നമില്ലെന്ന ദേശീയപാത അതോറിട്ടിയുടെ എൻജിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് പരിശോധിച്ച് നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്ന് ബോർഡ് ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.