മാവേലിക്കര: കോവളം തിരുവല്ലം പൂങ്കുളം ആലുനിന്നവിള വീട്ടിൽ മുരളീധരനെ (45) കഴിഞ്ഞ ഡിസംബർ 17ന് പുലർച്ചെ മാവേലിക്കര കോടതി വളപ്പിന് സമീപത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.
നെറ്റിയിൽ ഉരഞ്ഞ തരത്തിലുള്ള മൂന്ന് മുറിവും മൂക്കിലൂടെ ചോര ഒഴുകിയതുമാണ് മരണത്തിൽ ദുരൂഹത ആരോപിക്കാൻ കാരണമായി ബന്ധുക്കൾ പറയുന്നത്. മൃതദേഹം പൂർണനഗ്നവുമായിരുന്നു. ഇവിടെ ഒരാൾക്ക് മുങ്ങിമരിക്കാനുള്ള വെള്ളമുണ്ടായിരുന്നില്ല. മുരളിധരന്റെ പക്കലുണ്ടായിരുന്ന 70,000 ത്തോളം രൂപയും കാണാനില്ലായിരുന്നു. എന്നാൽ മാവേലിക്കര പൊലീസ് ഇതൊന്നും അന്വേഷിക്കാതെ കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.
നിർമാണ തൊഴിലാളിയായിരുന്ന മുരളീധരൻ മൂന്നു വർഷമായി പോനകം പാലപ്പിള്ളിയിൽ വീട്ടിൽ തിരുവനന്തപുരം സ്വദേശികളായ മറ്റ് രണ്ട് പേരോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ കരാറുകാരന്റെ കീഴിലായിരുന്നു മൂവരും പണിയെടുത്തിരുന്നത്. ഡിസംബർ 15ന് രാത്രി 10.30 വരെ മുരളീധരനും കൂടെ പണിയെടുക്കുന്നവരും തമ്മിൽ സംസാരിച്ചിരുന്നതായി ഇവർ മൊഴി നൽകിയിട്ടുണ്ട്. അപ്പോൾ മുരളീധരൻ കൈലിമുണ്ടും നീല നിറമുള്ള ടീഷർട്ടും ധരിച്ചിരുന്നു. എന്നാൽ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഒന്നു ഇല്ലായിരുന്നു. കൂടെ താമസിച്ചിരുന്നവരുടെ മൊഴി രേഖപ്പെടുത്തിയതല്ലാതെ ആരെയും ചോദ്യം ചെയ്തിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ക്രൈംബ്രാഞ്ചിനെക്കൊണ്ട് സമഗ്ര അന്വേഷണം നടത്തണമെന്നാണ് മുരളീധരന്റെ സഹോദരൻ ജയചന്ദ്രനും മൂന്ന് സഹോദരന്മാരും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.